Connect with us

National

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റാം റഹീം സിംഗിന് ജീവപര്യന്തം ശിക്ഷ

Published

|

Last Updated

ചണ്ഡീഗഢ്: മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിനും മൂന്നു കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്. പഞ്ച്ഗുളയിലെ സി ബി ഐ പ്രത്യേക ജഡ്ജി ജഗ്ദീപ് സിംഗാണ് വിധി പ്രസ്താവിച്ചത്. ദേര മാനേജര്‍ കൃഷന്‍ ലാല്‍, പ്രവര്‍ത്തകരായ കുല്‍ദീപ് സിംഗ, നിര്‍മല്‍ സിംഗ് എന്നിവരാണ് ഗുര്‍മീതിനൊപ്പം ശിക്ഷിക്കപ്പെട്ടത്. ഇവര്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം.

പൂര സച്ച് പത്രത്തിന്റെ എഡിറ്ററായിരുന്ന രാം ചന്ദര്‍ ഛത്രപതിയെയാണ് 2002ല്‍ കൊലപ്പെടുത്തിയത്.
ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് കോടതിയില്‍ എത്തിയിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് റോത്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് പ്രതികള്‍ വിധിപ്രസ്താവം കേട്ടത്. കേസില്‍ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120 ബി (കുറ്റകരമായ ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ ശിക്ഷിച്ചത്. വിധി പ്രസ്താവത്തിന്റെ ഭാഗമായി കോടതിക്കും ജയിലിനും പുറത്ത് കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.

ഗുര്‍മീത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനുള്ള പ്രതികാരമായാണ് രാം ചന്ദറിനെ കൊലപ്പെടുത്തിയത്. 2002ല്‍ ഹരിയാനയിലെ സിസ്റയില്‍ വെച്ചായിരുന്നു കൊലപാതകം. ആദ്യം പോലീസ് അന്വേഷിച്ച കേസ് 2006ലാണ് സി ബി ഐ ഏറ്റെടുത്തത്. 2007ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ആഗസ്റ്റില്‍ ഗുര്‍മീതിന്റെ അനുയായികള്‍ നടത്തിയ അക്രമത്തിലും പോലീസ് വെടിവെപ്പിലുമായി 38 പേര്‍ മരിച്ചിരുന്നു.

Latest