രാകേഷ് അസ്താനയടക്കം നാല് സിബിഐ ഉദ്യോഗസ്ഥരെ മാറ്റി

Posted on: January 17, 2019 8:42 pm | Last updated: January 18, 2019 at 9:36 am
രാകേഷ് അസ്താന

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാജേഷ് അസ്താനയടക്കം നാല് ഉദ്യോഗസ്ഥരെ മാറ്റി. ജോയിന്റ് ഡയറക്ടര്‍ അരുണ്‍കുമാര്‍ ശര്‍മ, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മനീഷ് കുമാര്‍ സിന്‍ഹ, പോലീസ് സൂപ്രണ്ട് ജയന്ത് ജെ നായിക്‌നവാരെ എന്നിവരാണ് മറ്റു ഉദ്യോഗസ്ഥര്‍. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താൻ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി ഈ മാസ‌ം 24ന് യോഗം ചേരാനിരിക്കെയാണ് നടപടി.

അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനിലേക്കും എകെ ശര്‍മയെ സിആര്‍പിഫ് എഡിജിയായും എംകെ സിന്‍ഹയെ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിലേക്കുമാണ് മാറ്റിയത്.

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് മറ്റു ഉദ്യോഗസ്ഥരെയും മാറ്റുന്നത്. അലോക് വര്‍മക്കൊപ്പം നേരത്തെ രാകേഷ് അസ്താനയേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. അലോക് വർമക്ക് എതിരെ ഉന്നയിച്ചതു പോലെ അഴിമതി ആരോപിച്ചാണ് അസ്താനയേയും നീക്കിയത്.

കോടതി വിധി നേടി അലോക് വർമ പദവിയില്‍ തിരിച്ചുവന്നെങ്കിലും രണ്ട് ദിവസം തികയും മുമ്പ് തന്നെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് നീക്കുകയായരുന്നു. ഇതൊടെ അദ്ദേഹം പദവി രാജിവെച്ച് ഒഴിയുകയായിരുന്നു.