Connect with us

Kerala

പി സി ജോര്‍ജ്ജിന്റെ അപേക്ഷ; വാതിലടച്ച് യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫില്‍ തിരിച്ചെത്താനുള്ള പി സി ജോര്‍ജ്ജിന്റെ നീക്കങ്ങള്‍ ഫലവത്തായില്ലെന്നു സൂചന. അദ്ദേഹം മുന്നണിയിലെത്തുന്നതിനെതിരെ യു ഡി എഫ് യോഗത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നതായാണ് വിവരം. എന്നാല്‍, ജോര്‍ജ്ജിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചക്കു വന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് മാത്രമാണ്‌
ജോര്‍ജ്ജ് നല്‍കിയതെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സഹകരണത്തിന്റെ കാര്യം കെ പി സി സിയാണ് ചര്‍ച്ച ചെയ്യേണ്ടത്.

ശബരിമല വിഷയത്തില്‍ ബി ജെ പിക്കു അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയ ജോര്‍ജ്ജ് പൊടുന്നനെയാണ് നിലപാടു മാറ്റി യു ഡി എഫുമായി സഹകരിക്കാന്‍ തയാറാണെന്നു പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം. നിയമസഭക്കകത്തും പുറത്തും ബി ജെ പിയുമായി സഹകരിക്കുമെന്നു ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ജോര്‍ജ്ജുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇടുക്കി സീറ്റ് തങ്ങള്‍ക്കു നല്‍കണമെന്ന് ജേക്കബ് വിഭാഗവും ആവശ്യമുന്നയിച്ചു. അതേസമയം, ജനതാദള്‍ (യു) വിനൊപ്പം എല്‍ ഡി എഫിലേക്കു പോകാത്തവരെ മുന്നണിയില്‍ ക്ഷണിതാക്കളാക്കാനും യോഗം തീരുമാനിച്ചു.

Latest