Connect with us

Ongoing News

അവരെന്നാണ് മനസ്സറിഞ്ഞ് ചിരിക്കുക?

Published

|

Last Updated

ചുമരിനോട് ചേര്‍ന്ന് രണ്ടാം നിരയിലിരുന്ന് പഠിച്ച ഏഴാം ക്ലാസുകാരന്‍ സൈദ് ഇഫാജിനെ ഓര്‍മവരുന്നു. ജിജ്ഞാസ വിരിയുന്ന കണ്ണുകളും പുഞ്ചിരി തൂകുന്ന മുഖവുമാണ് ഇഫാജിന്റെ മേല്‍വിലാസം. ദ സ്‌ക്വിറല്‍ എന്ന കൊച്ചു ഇംഗ്ലീഷ് കവിത ക്ലാസ്സെടുത്തു കഴിഞ്ഞശേഷം ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് കവിത രചിക്കാന്‍ അവസരം കൊടുത്തപ്പോള്‍ നിമിഷങ്ങള്‍ക്കകം അവന്‍ നോട്ടുബുക്കില്‍ കുറിച്ചിട്ട ടോയ് എന്ന കവിത ഇങ്ങനെ:

“Toy has the joy/ Toy has the happiness/ Toy can have love/ From m-any a child/ Toy is the thing/ Which child likes most/ Toy was my favourite friend/ In my childhood.”
കവിത ക്ലാസ്സില്‍ ചൊല്ലിക്കേള്‍പ്പിച്ചു പ്രോത്സാഹനം നല്‍കി. പിന്നീടൊരു ദിവസം ഒരു നോട്ട് ബുക്ക് എന്റെ നേരെ നീട്ടി സാര്‍ ഇതൊന്നു വായിക്കണമെന്നപേക്ഷിച്ചു. 50 ഇംഗ്ലീഷ് കവിതകള്‍ അടങ്ങിയ നോട്ട് ബുക്കും അവയുടെ പ്രതീകാത്മക ചിത്രങ്ങളും! മാനേജ്‌മെന്റിനോട് സംസാരിച്ചു പുസ്തകമാക്കാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതികത തടസ്സമായി നിന്നു. അതിനിടയില്‍ സൈദ് ഇഫാജിന്റെ പിതാവിന്റെ തൊഴില്‍ നഷ്ടമായി. അവര്‍ ബംഗ്ലാദേശിലേക്ക് തിരിച്ചു. ചിറകറ്റ ഒരു പാട് മോഹങ്ങളുമായി അവന്‍ അവിടെ എവിടെയെങ്കിലും കാണുമായിരിക്കും.
ശാരീരികവും മാനസികവുമായ കുട്ടികളുടെ പ്രശ്‌നങ്ങളെ ഗൗനിക്കാതെ അവരുടെ ബുദ്ധിപരമായ നേട്ടങ്ങളെ മാത്രം പ്രതീക്ഷിക്കുന്നത് വലിയ അപരാധമാണെന്ന് രക്ഷിതാക്കള്‍ക്ക് തന്നെ അറിയുന്നില്ല. പഠന നിലവാരം മെച്ചപ്പെടണമെന്ന് രക്ഷിതാക്കള്‍ ശാഠ്യം പിടിക്കുന്നു. ഓരോ പരീക്ഷ കഴിയുമ്പോഴും മക്കളുടെ ഉയര്‍ന്ന ഗ്രേഡ് മനസ്സില്‍ വെച്ചാണ് പല രക്ഷിതാക്കളും പാരന്റ്‌സ് മീറ്റിംഗില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ കാഴ്ചവെച്ച പ്രകടനം മോശമായി കാണുമ്പോള്‍ അവര്‍ക്ക് സഹി കിട്ടുന്നില്ല. പലരും അധ്യാപകരുടെ മുമ്പില്‍വെച്ച് കുട്ടികളെ വല്ലാതെ മാനസികമായി തളര്‍ത്തുന്നു. അവര്‍ ചെലവഴിച്ച പണത്തെയും അധ്വാനത്തെയും കുറിച്ച് വാചാലരാകുന്നു. ഒരല്പം ശരി ഉണ്ടെങ്കിലും മക്കളിലെ വലിയ ശരിയിലേക്ക് അവരൊന്നും എത്തിനോക്കുന്നില്ല. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകരുടെ മുമ്പില്‍വെച്ച് ഒരു ഏഴാം ക്ലാസുകാരന്റെ കരണത്തടിച്ചത് കണ്ടുനില്‍ക്കുന്നവരുടെ മനസ്സിലേറ്റ പ്രഹരമായി മാറിയ രംഗം വിട്ടൊഴിയുന്നില്ല. ഒരു മാര്‍ക്കും അര മാര്‍ക്കും നഷ്ടപ്പെട്ടതിന്റെ പേരില്‍ വിലപേശല്‍ നടത്തുന്നവരുമുണ്ട്. വീട്ടിലും സ്‌കൂളിലും ഭീതിയോടെ കഴിയുന്ന മാര്‍ക്ക് കുറഞ്ഞ ധാരാളം കുട്ടികളെ കാണാം. കുട്ടിയുടെ അഭിരുചികള്‍ എന്താണെന്ന് അന്വേഷിക്കാനോ അതിനനുസരിച്ച് പഠനമേഖല തിരിക്കുവാനോ പല രക്ഷിതാക്കള്‍ക്കും സമയമില്ല. രക്ഷിതാക്കള്‍ മനസ്സില്‍ വെച്ച ലക്ഷ്യത്തിലേക്ക് കുട്ടികള്‍ എത്തണമെന്നാണവര്‍ ആഗ്രഹിക്കുന്നത്.
ബുദ്ധിയില്‍ നിന്നും അവര്‍ ആഗ്രഹിച്ച സ്ഥാനം ലഭിക്കാന്‍ പിഴിഞ്ഞെടുക്കുന്ന ഗ്രേഡ് മാത്രമാണ് പലര്‍ക്കും കുട്ടികളിലുള്ള നിക്ഷേപ താത്പര്യം. അവരുടെ വൈകാരിക മണ്ഡലം കനലെരിയുന്ന മോഹങ്ങളുടെ ചാരക്കൂനയാണ്. അതിനാല്‍ തന്നെ ഉപ്പയെ പേടിച്ചു വീട്ടില്‍ കഴിയുന്ന കുറെ മക്കളുണ്ടിവിടെ. വളരെ ദൂരം യാത്ര ചെയ്തു ജോലിക്ക് പോകേണ്ട രക്ഷിതാക്കളെ സ്‌കൂള്‍ ദിവസങ്ങളിലൊന്നും നേരില്‍ കാണാന്‍ കഴിയാത്തവരാണ് മക്കളില്‍ ചിലര്‍. ഒഴിവുദിനങ്ങളിലാണെങ്കില്‍ നീണ്ട മണിക്കൂറുകള്‍ അവര്‍ ഉറക്കത്തിലുമായിരിക്കും. നാട്ടിലെപ്പോലെ പുറത്തേക്കൊന്നും പോയി കൂട്ടുകാര്‍ക്കൊപ്പം കളിക്കാനുള്ള പരിസരമില്ലാത്തതിനാല്‍ കൊട്ടിയടക്കപ്പെട്ട റൂമില്‍ മൊബൈലിലോ ഇന്റര്‍നെറ്റിലോ ടാബിലോ കളിച്ചു മടുത്തുറങ്ങിയിട്ടുണ്ടാകും പലപ്പോഴും. റണ്ണറും സ്‌കിപ്പറും മെയ്യനക്കത്തിനുള്ള ഒരുമാതിരി എല്ലാ ഉപകരണങ്ങളും വീട്ടില്‍ തന്നെയുണ്ടെങ്കിലും സാമൂഹിക ബന്ധം തടവിലാക്കി കഴിയുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് കൗമാരവും കുട്ടിക്കാലവും യന്ത്രസമാനമായ ജീവിതമാണ് നല്‍കുന്നത്. കുറച്ചു കളിപ്പാട്ടങ്ങള്‍ക്കിടയില്‍ തട്ടിത്തെറിച്ച് കുറെ കുട്ടി ജീവിതങ്ങള്‍. മനസ്സറിഞ്ഞു ചിരിക്കാനും നന്നായൊന്നു കരയാനും നമ്മുടെ പ്രവാസി മക്കള്‍ക്ക് എന്നാണ് കഴിയുക? ഇനി ഉത്സാഹം ചെറുതായെങ്കിലും നഷ്ടപ്പെടാത്തവര്‍ എന്തെല്ലാമോ ചെയ്യണമെന്ന് ധൃതി കൂട്ടുന്നവരാണ്. പക്ഷേ ഒരു കൈ പിടിച്ചു കരകയറ്റാന്‍ പറ്റിയ ഒരാളെ കാണാതെ അന്തര്‍മുഖത്വം ബാധിച്ചു കഴിയുകയാണ് ഇവരില്‍ പലരും.
.ടി ടി ശാമില്‍ ഇര്‍ഫാനി വാക്കാലൂര്‍

ttirfani@gmail.com

Latest