ഷെന്‍സന്‍ എന്ന എട്ടാം അത്ഭുതം

കേവലം 38 വര്‍ഷം പഴക്കമുള്ള ഷെന്‍സന്‍ ചൈനയുടെ വ്യവസായ തലസ്ഥാനമാകാനുള്ള കുതിപ്പിലാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചൈന കയറ്റിയയക്കുന്ന ഡ്യൂപ്ലിക്കറ്റ് സാമഗ്രികളുടെ ഭൂരിഭാഗവും നിര്‍മിക്കുന്നത് ഇവിടെയും പരിസരങ്ങളിലുമാണ്. വിവിധരാജ്യങ്ങളില്‍ നിന്ന് കച്ചവട ആവശ്യങ്ങള്‍ക്കായി ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന നഗരം.
യാത്ര
Posted on: January 17, 2019 5:42 pm | Last updated: January 17, 2019 at 5:42 pm

നഗരയാത്രയില്‍ ചൈനക്കാര്‍ വലിയ അധ്വാനശീലരാണെന്ന് മനസ്സിലാക്കി. പ്രായഭേദമന്യേ അധ്വാനിക്കുന്നു. അധ്വാനശീലവും ജീവിതക്രമീകരണങ്ങളുമായിരിക്കാം അവിടത്തെ ജനങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതെന്ന് തോന്നി. ചൈനീസ് ജനസംഖ്യയുടെ വലിയ ഭാഗമാണ് നൂറ് വയസ്സിന് മുകളിലുള്ള വൃദ്ധജനങ്ങള്‍. ചൈനയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും വിശാലമായ പ്രകൃതിരമണീയ പാര്‍ക്കുകള്‍ കാണാം. ഭൂരിഭാഗവും പ്രവേശനഫീസ് പോലും വേണ്ടാത്തവയാണ്. ചൈനക്കാരുടെ വൈകുന്നേരങ്ങള്‍ മനോഹരമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇത്തരം പാര്‍ക്കുകളാണ്. അറുപത് കഴിഞ്ഞ ദമ്പതികള്‍ കൈയുംപിടിച്ച് പാട്ടിനൊത്ത് ചുവടു വെക്കുന്നതു കാണുമ്പോള്‍ ആ മെയ്‌വഴക്കത്തിനു മുന്നില്‍ നാണിച്ചു പോകും നമ്മള്‍. അത്രയും ചടുലവും മനോഹരവുമായിരിക്കും ഓരോ ചുവടും. വലുപ്പച്ചെറുപ്പം ലവലേശമില്ലാതെ അടിപൊളി പാട്ടിനൊത്താണ് ഈ എയ്‌റോബിക് വ്യായാമം. പ്രഭാതങ്ങളില്‍ ജോഗിംഗ് ചെയ്യാനിറങ്ങുന്നവരും കുറവല്ല.
വൈറ്റ് ഹൗസ്, ഈഫല്‍ ഗോപുരം,
താജ്മഹല്‍… എല്ലാം ഒന്നിച്ചുകാണാം
ഒഴിവു ദിവസങ്ങളില്‍ ഷെന്‍സനിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഷെന്‍സന്‍ ബേ പാര്‍ക്ക്, വിന്‍ഡോ ഓഫ് ദ വേള്‍ഡ് എന്നിവ അതില്‍ പ്രമുഖമാണ്. ഭൂരിഭാഗം യാത്രകളും മെട്രോയിലായിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസ്, പാരീസിലെ ഈഫല്‍ ഗോപുരം, സിഡ്‌നിയിലെ ഒപേറ ഹൗസ്, നമ്മുടെ താജ്മഹല്‍; ലോകത്തിന്റെ വിവിധ കോണുകളിലുള്ള വമ്പന്‍ അതിശയകാഴ്ചകള്‍. ഒരു ചെറിയ സായാഹ്ന സവാരിയില്‍ ഇതെല്ലാം ചുറ്റിനടന്നു കാണാനാകുമോ.? അസാധ്യം എന്ന് കരുതരുത്. ചൈനയിലെ തെക്കന്‍ പ്രവിശ്യയിലുള്ള ഷെന്‍സന്‍ എന്ന ഈ നഗരത്തിലേക്ക് വന്നാല്‍ അതേഭാവത്തിലും രൂപത്തിലും ലോകാത്ഭുതങ്ങള്‍ കൂട്ടംകൂടിയിരിക്കുന്നത് കാണാം. കേവലം 38 വര്‍ഷം പഴക്കമുള്ള ഷെന്‍സന്‍ ചൈനയുടെ വ്യവസായ തലസ്ഥാനമാകാനുള്ള കുതിപ്പിലാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചൈന കയറ്റി അയക്കുന്ന ഡ്യൂപ്ലിക്കറ്റ് സാമഗ്രികളുടെ ഭൂരിഭാഗവും നിര്‍മിക്കുന്നത് ഇവിടെയും പരിസരങ്ങളിലുമാണ്. വിവിധരാജ്യങ്ങളില്‍ നിന്ന് കച്ചവട ആവശ്യങ്ങള്‍ക്കായി ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന നഗരം.
വിവിധ ഭൂഖണ്ഡങ്ങളിലുള്ള വിസ്മയദൃശ്യങ്ങളും ചരിത്രസ്മാരകങ്ങളും തനിമ നഷ്ടമാകാതെ കിലോമീറ്ററുകള്‍ക്കുള്ളില്‍ പുനര്‍നിര്‍മിച്ചിരിക്കുകയാണിവിടെ. ‘വിന്‍ഡോ ഓഫ് ദി വേള്‍ഡ്’ എന്നാണ് അത്ഭുതങ്ങള്‍ക്ക് കുടപിടിക്കുന്ന ഈ പാര്‍ക്കിന്റെ പേര്. ആദ്യകാഴ്ചയയില്‍ യഥാര്‍ഥ അത്ഭുത കാഴ്ചകളെ തോല്‍പ്പിക്കുന്ന ദൃശ്യഭംഗിയുള്ള മാതൃകകളാണ് ഓരോന്നും. 118 ഏക്കറില്‍ തീര്‍ത്തിരിക്കുന്നത് ലോകാത്ഭുതങ്ങളടക്കം 130 വിസ്മയകാഴ്ചകളാണ്. മാതൃകകളാണെങ്കിലും നിര്‍മാണത്തില്‍ വിട്ടുവീഴ്ചയില്ല. ബക്കിംഗ്ഹാം കൊട്ടാരവും പിരമിഡുകളും കൊളോസിയവും ‘ഒറിജിനല്‍’ തന്നല്ലേ എന്നുപോലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അതേനിറത്തിലും മാതൃകയിലും രൂപഭംഗിയിലുമാണ് നിര്‍മാണം. ചിലതിന് വലുപ്പത്തില്‍ മാത്രം അല്‍പ്പം കുറവുണ്ടാകും എന്നു മാത്രം. എന്നാല്‍ അത്ര ചെറിയവയല്ല. ഈഫല്‍ ടവര്‍ 108 മീറ്റര്‍ ഉയരത്തിലാണ് നിര്‍മിച്ചത്.
ഓരോ ഭൂഖണ്ഡത്തിനും അവിടുത്തെ അതിശയ കാഴ്ചകള്‍ക്കും പ്രത്യേകം സ്ഥലം വേര്‍തിരിച്ചിട്ടുണ്ട്. ഭൂഖണ്ഡങ്ങളിലേക്ക് പോകും മുമ്പ് ആദ്യമെത്തുക ‘വേള്‍ഡ് സ്‌ക്വയര്‍’ എന്നു പേരിട്ട സ്ഥലത്താണ്. ഫ്രാന്‍സിലെ ഗ്ലാസ് പിരമിഡ്, ചൈന ഗേറ്റ്, ഈജിപ്ത് ഗേറ്റ് എന്നിവ കൂടാതെ വേള്‍ഡ് മാപ്പ് ഫൗണ്ടന്‍ തുടങ്ങിയവ ഇവിടെയുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തിനാണ് അടുത്ത സ്ഥാനം. ദ് ഗ്രാന്‍ഡ് പാലസ് ഓഫ് തായ്‌ലാന്‍ഡ്, താജ്മഹല്‍, കുവൈറ്റ് ടവര്‍ എന്നിവ കൂടാതെ ദക്ഷിണ കൊറിയ, ജപ്പാന്‍, കംബോഡിയ, മ്യാന്‍മര്‍, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 15 അത്ഭുത കാഴ്ചകളും നിരന്നിരിക്കുന്നു.
സിഡ്‌നിയിലെ ഒപേറ ഹൗസ് ഉള്‍പ്പെടെ കാണാവുന്ന ഓഷ്യാനിയയുടെ പ്രദേശം കഴിഞ്ഞ് യൂറോപ്പിലെ കാഴ്ചകളിലേക്ക്. ഈഫല്‍ ടവര്‍, പിസായിലെ ചെരിഞ്ഞ ഗോപുരം, ഫ്രാന്‍സിലെ സെന്റ് മൈക്കള്‍ ആബി, ഇറ്റലിയിലെ കൊളോസിയം, ലണ്ടന്‍ ടവര്‍ പാലം തുടങ്ങി 24 അത്ഭുതങ്ങള്‍ അടുത്തടുത്തായുണ്ട്. പിരമിഡും കെനിയന്‍ നാഷനല്‍ പാര്‍ക്കും അടങ്ങുന്ന ആഫ്രിക്കന്‍ പ്രദേശം കഴിഞ്ഞാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ കാഴ്ചകളായി. നയാഗ്ര വെള്ളച്ചാട്ടം, സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി എന്നിങ്ങനെ തുടരുന്ന കാഴ്ചകള്‍. രാജ്യന്തര തെരുവുകളുടെ പകര്‍പ്പുകളാണ് അത്ഭുത കാഴ്ചകളുടെ അവസാനഭാഗം. താജ്മഹലിന് മുന്നില്‍ നിന്നാല്‍ ‘ചൈനീസ്’ ആണെന്നേ തോന്നില്ല. പകര്‍പ്പുസാമഗ്രികള്‍ കയറ്റിയയച്ചു മാത്രമല്ല അത്ഭുതപകര്‍പ്പുകളെ കാണാന്‍ ആളുകളെ ആകര്‍ഷിച്ചു വരുത്തുകയാണ് ചൈനയിപ്പോള്‍. പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദികളില്‍ ലോകത്തിന്റെ വ്യത്യസ്ത ദേശങ്ങളിലെ കലാരൂപങ്ങള്‍ അതേ തനിമയോടെ അവതരിപ്പിക്കുന്ന കലാസംഘങ്ങളും വിസ്മയം ഏറ്റും.
പാര്‍ക്കിന് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈഫല്‍ ടവറിന് മുകളിലേക്ക് ലിഫ്റ്റിനു സമാനമായ കണ്ണാടിക്കൂട്ടില്‍ ഉയര്‍ന്നുപോകാനാകും. ഏറ്റവും മുകളിലെത്തിയാല്‍ ഈ കാഴ്ചകളുടെ ആകാശദൃശ്യം മറ്റൊരു അത്ഭുതം വിരിയിക്കും. സായാഹ്നങ്ങളില്‍ വൈദ്യുതദീപങ്ങളും ജലധാരകളും കൂടി ചേരുന്നതോടെ കാഴ്ച അതിമനോഹരമാകും. ഒരു ദിവസം മുഴുവന്‍ ഒരാള്‍ക്ക് യാത്ര ചെയ്തു കാണാനുള്ളത്ര ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. 1993ലാണ് പാര്‍ക്ക് തുറന്നത്. ചൈനീസ് കറന്‍സിയായ 200 യുവാന്‍ നല്‍കിയാല്‍ ഒരാള്‍ക്ക് പ്രവേശനം ലഭിക്കും.
ചൈനയിലെ
മുസ്‌ലിം ജീവിതം
കണക്കുകള്‍ പ്രകാരം നാല്‍പ്പത് മില്യനിലധികം മുസ്‌ലിംകള്‍ ചൈനയിലുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്ന ഷെന്‍സനില്‍ മുസ്‌ലിംകളുണ്ടെങ്കിലും ചൈനയുടെ മറ്റു ചില പ്രദേശങ്ങളില്‍ കാണുന്ന പ്രശ്‌നങ്ങള്‍ ഇവിടെ വിരളമാണ്. ചൈനയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാംഗിലാണ് മുസ്‌ലിംകള്‍ക്ക് കടുത്ത സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നത്. ഉയിഗുര്‍ മുസ്‌ലിം വംശജരാണ് ഇവിടെ കൂടുതലും. അവരുടെ സംസ്‌കാരത്തിലും ആരാധനാകര്‍മങ്ങളിലും സര്‍ക്കാര്‍ നിരന്തരം ഇടപെടുന്നത് അവിടുത്തെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തീവ്രവാദവും അട്ടിമറിയും സമുദായഭിന്നതയുമൊക്കെയാണ് സര്‍ക്കാര്‍ ഉയിഗൂറുകള്‍ക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍. അക്കാരണത്താല്‍ ഒരുപാട് പേര്‍ അപ്രത്യക്ഷരാകുകയും പ്രിയപ്പെട്ടവര്‍ തീരാദുഃഖത്തിലേക്ക് എറിയപ്പെടുകയും ചെയ്തിട്ടുണ്ട്. മതപഠനത്തിനും റമസാന്‍ നോമ്പിന് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇസ്‌ലാമികചര്യകള്‍ വലിയ ശിക്ഷകള്‍ വിളിച്ചു വരുത്തുമെന്ന സന്ദേശമാണ് ഷിന്‍ജിയാംഗിലെ മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും. ലോകത്ത് പരക്കെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കെല്ലാം ചൈനയില്‍ വിലക്കായതിനാല്‍ അധികമൊന്നും പുറത്തറിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
പക്ഷേ, ഷെന്‍സനെ പോലുള്ള ഒരുപാട് പ്രദേശങ്ങളില്‍ ധാരാളം പള്ളികളും അവിടങ്ങളില്‍ ജുമുഅ നിസ്‌കാരവും നോമ്പും ഈദാഘോഷവും തറാവീഹും സമൂഹനോമ്പുതുറയുമെല്ലാം നടക്കാറുണ്ട്. ഈദ്ഗാഹുകള്‍ പോലുള്ളവക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. അത്തരം പരിപാടികള്‍ക്ക് പോലീസ് സുരക്ഷയും ലഭ്യമാണ്. ഗുവാന്‍സോയില്‍ സ്ഥിതി ചെയ്യുന്ന സഹദുബ്‌നു അബീവഖാസ്(റ)ന്റെ മഖ്ബറ ഇപ്പോഴും പാരമ്പര്യ തനിമയോടെ നിലനിര്‍ത്തുന്നു എന്നത് ചൈനയിലെ പാരമ്പര്യ- സൂഫീധാരയിലുള്ള മുസ്‌ലിം സംസ്‌കാരത്തിന് ഉത്തമ ഉദാഹരണമാണ്. മതപാഠശാലകള്‍ക്കോ തലമറക്കുന്നതിനോ യാതൊരു വിലക്കുകളുമില്ല എന്നതാണ് കുറഞ്ഞ കാലത്തെ എന്റെ ഇവിടുത്തെ വാസത്തില്‍ നിന്നും മനസ്സിലാക്കാനായത്. കാരണം, മഫ്തയൊക്കെ കുത്തി ഇസ്‌ലാമിക വേഷവിധാനത്തോടെയാണ് പുറത്തിറങ്ങാറുള്ളത്. അപ്പോഴൊന്നും യാതൊരുവിധത്തിലുള്ള സംശയനോട്ടമോ അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്‌നമോ നേരിടേണ്ടി വന്നിട്ടില്ല.
ഭര്‍ത്താവിന്റെ കമ്പനിയിലെ സപ്ലൈറായ റോസിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കണം. അത്രയും സഹകരണമായിരുന്നു അവര്‍ക്ക്. കുറച്ചെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് അറിയാവുന്നതു കൊണ്ട് ഞങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം എളുപ്പമായിരുന്നു. ഒരു അടിയന്തര ഘട്ടത്തില്‍ മകന് ആശുപത്രിയില്‍ പോകേണ്ടി വന്നപ്പോള്‍ സ്വന്തം ജോലിത്തിരക്കു പോലും മാറ്റിവെച്ച് പലതവണ കൂടെ വന്ന അവരെ ഒരുപിടി സ്‌നേഹപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടല്ലാതെ ഓര്‍ക്കാന്‍ വയ്യ. എന്റെ മോള്‍ക്കും റോസിനുമിടയില്‍ വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടു തന്നെ വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. യാത്ര തിരിക്കുന്നതിന്റെ തലേദിവസം റൂമില്‍ നിന്നിറങ്ങിയ അവരുടെ നനഞ്ഞ കണ്ണുകളില്‍ എനിക്കാ സ്‌നേഹം കാണാമായിരുന്നു.
ഒരു തവണ കൂടി ഹോങ്കോംഗ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. മള്‍ട്ടി, വിസിറ്റിംഗില്‍ വന്നവര്‍ക്ക് എല്ലാ മാസവും വിസ പുതുക്കാന്‍ രാജ്യത്തിന് പുറത്തു പോകണം. നേരത്തെ സൂചിപ്പിച്ചതുപോലെ ഹോട്ടല്‍ ബുക്കിംഗ് ഉള്ളതിനാല്‍ അവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് കൂളായി രക്ഷപ്പെട്ടു. കൊവ്‌ലൂണ്‍ പാര്‍ക്ക്, ഓള്‍ഡ് ക്ലോക്ക് ടവര്‍, ഹോങ്കോംഗ് കണ്‍വെന്‍ഷന്‍- എക്‌സിബിഷന്‍ സെന്റര്‍, സിംഷാസുയി സ്ട്രീറ്റ് തുടങ്ങിയവ ഹോങ്കോംഗ് കാഴ്ചകളില്‍ പ്രധാനമാണ്. ഏതാനും മാസങ്ങളേ ചൈനയില്‍ നില്‍ക്കാനായുള്ളൂ. ചൈനയുടെ കൊച്ചുമൂലയില്‍ തന്നെ ഇത്രയധികം കാഴ്ചകളുണ്ടെങ്കില്‍ ബാക്കി ഭാഗങ്ങളില്‍ എത്രമാത്രമായിരിക്കും! ഇനിയും കാണാമെന്ന് പറഞ്ഞ് തത്കാലം ഷിംഗ്ഷാംഗുകളോട് വിട പറഞ്ഞു.
(അവസാനിച്ചു)
.

സൈഫു കമര്‍ പാണ്ടിക്കാട്‌

[email protected]