കുട്ടനധികാരിയും കുഞ്ഞയമ്മുവും

ഒരു ദിവസം ഗ്രാമം മുഴുവന്‍ വിതുമ്പി, എല്ലാ കണ്ണുകളും സജലങ്ങളായി. ഇതുപോലൊരു രക്ഷകന്‍ ഇനിയെന്നു ജനിക്കും? ഗ്രാമീണര്‍ അന്യോന്യം ചോദിച്ചു. പാറപ്പുറത്ത്, പൂളമണ്ണ കുഞ്ഞയമ്മു എന്ന നിസ്വാര്‍ഥനായ മനുഷ്യസ്‌നേഹിയുടെ വിയോഗമായിരുന്നു അത്. കുട്ടനധികാരിയെപ്പോലെ അഴിമതിരഹിതനായ ഉദ്യോഗസ്ഥനെ, പൂളമണ്ണ കുഞ്ഞയമ്മുവിനെപ്പോലെ നിസ്വാര്‍ഥനായ സാമൂഹ്യസ്‌നേഹിയെ ഈ നാട് ഇനി എന്നു കാണും?
അനുഭവം
Posted on: January 17, 2019 5:31 pm | Last updated: January 17, 2019 at 5:33 pm

അരനൂറ്റാണ്ട് പഴക്കമുള്ള ഓര്‍മകളാണ്. അന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി. വൈകുന്നേരം സ്‌കൂള്‍വിട്ട് വീട്ടിലെത്തി, ലഘുഭക്ഷണം കഴിച്ച്, ‘ഹോംവര്‍ക്ക്’ ചെയ്യാന്‍ തുടങ്ങും. അന്നേരം കേള്‍ക്കാം, പടിക്കല്‍ നിന്ന് ഗൗരവസ്വരത്തിലൊരു വിളി. ആ ശബ്ദത്തിനുടമ കുട്ടന്‍ അധികാരിയാണ്.
വിളി കേട്ടാലുടനെ ഞാനോടിച്ചെല്ലും. കുട്ടന്‍ അധികാരി പടിക്കല്‍ നില്‍പ്പുണ്ടാകും. അദ്ദേഹം അധികാരി (വില്ലേജ് ഓഫീസര്‍)യാണ്. അന്ന് നാട്ടിലെ ഏതൊരു പ്രശ്‌നത്തിലും അന്ത്യവിധി പ്രസ്താവിക്കുന്നത് അധികാരിമാരാണ്. ആ വിധി നടപ്പാക്കാനാവശ്യമായ അധികാരവും അവരില്‍ നിക്ഷിപ്തമായിരുന്നു. ‘അധികാരി’ എന്ന പേര് സാര്‍ഥകമായിരുന്നു.
വെളുത്തു മെലിഞ്ഞ ദേഹം. ഗൗരവഭാവം. നരച്ചമുടി. ഇതാണ് കുട്ടന്‍ അധികാരിയുടെ രൂപം. 60- 70 വയസ്സുണ്ട്. വിധേയഭാവത്തില്‍ ഞാന്‍ അധികാരിയുടെ പിന്നില്‍ നടക്കാന്‍ ശ്രമിക്കും. പക്ഷേ അദ്ദേഹം സമ്മതിക്കുകയില്ല. ഞാന്‍ അദ്ദേഹത്തിന് സമാന്തരമായി നടക്കണം. സുഹൃത്തുക്കളെപ്പോലെ, സമഭാവത്തോടെ സംസാരിച്ചു നടക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. പ്രായം, പ്രൗഢി, പദവി, പക്വത എല്ലാറ്റിലും അദ്ദേഹമൊരു മഹാമേരു. ഞാന്‍ കേവലം മണല്‍തരി. ആ വിധം വലുപ്പച്ചെറുപ്പമൊന്നും അധികാരി ഗൗനിച്ചില്ല. അദ്ദേഹം സ്വന്തത്തെപ്പോലെ കരുതി എന്നേയും.…
കുട്ടനധികാരിയുടെ നടത്തത്തിനുമുണ്ട് സവിശേഷത. അടിവെച്ചടിവെച്ചാണ് നടത്തം. ആ നടത്തത്തിനിടയില്‍, ഈ ഭൂമുഖത്ത് സംഭവിക്കുന്ന സകലകാര്യങ്ങളെ കുറിച്ചും എന്നോട് വിസ്തരിച്ച് സംസാരിക്കും. അക്കാലത്ത് ടി വി, റേഡിയോ എന്നിവയൊന്നും ഗ്രാമങ്ങളിലില്ല. ദിനപത്രങ്ങളും ലഭ്യമല്ല. ധനാഢ്യരായ കുടുംബങ്ങളില്‍ ചിലര്‍ പത്രം തപാലില്‍ വരുത്തുമായിരുന്നു. ഇന്നത്തെ പത്രം നാളെ വൈകുന്നേരമാണ് പോസ്റ്റോഫീസില്‍ കിട്ടുന്നത്. അതിനടുത്ത ദിവസമാണ് വരിക്കാരന്റെ കൈയിലെത്തുക.
അധികാരിയും പത്രം തപാലില്‍ വരുത്തിയിരുന്നു, ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’. അതിലെ വാര്‍ത്തകളും ‘വരികള്‍ക്കിടയിലെ വാര്‍ത്ത’കളും സായാഹ്ന യാത്രയ്ക്കിടയില്‍ എന്നിലേക്ക് ചൊരിയും. ഈ സ്വഭാവം എനിക്ക് ഗണ്യമായ ഗുണം ചെയ്തു. കേവലം കൂപമണ്ഡൂകമാകുമായിരുന്ന ഞാന്‍ ആധുനിക അറിവുകളുടെ വെളിച്ചത്തിലേക്ക് നയിക്കപ്പെട്ടു.
എന്നെ പഠിപ്പിക്കുക മാത്രമല്ല കുട്ടനധികാരി ചെയ്തത്. തന്റെ മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ ആരുതന്നെ വന്നാലും അധികാരി അവരുടെ നേരെ ഒരു ചോദ്യാവലി പ്രയോഗിക്കും. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു. ‘നീ എവിടെ പോകുന്നു? അല്ലെങ്കില്‍ നീ എവിടെ നിന്ന് വരുന്നു? എന്താണ് ജോലി? ആരുടെ മകനാണ്/ മകളാണ്? കല്യാണം കഴിച്ചിട്ടുണ്ടോ? ഭര്‍ത്താവിന്/ ഭാര്യക്ക് എന്താണ് ജോലി? കുട്ടികളുണ്ടോ? എന്താണ് പ്രായം? ഭര്‍ത്താവിന്റെ/ ഭാര്യയുടെ വീട് എവിടെയാണ്? അവരുടെ അച്ഛനമ്മമാര്‍ക്ക് എന്താണ് ജോലി? എല്ലാറ്റിനും സവിസ്തരം മറുപടി ലഭിച്ചശേഷമേ അധികാരി ‘ഇര’യെ വിടുകയുള്ളൂ. ഈ ചോദ്യോത്തര പംക്തി, ആര്‍ക്കും അപ്രീതി ഉളവാക്കിയില്ല.
ഈ ‘ജീവചരിത്രാന്വേഷണം’ കാരണം ഒരു കി.മീ. ദൂരം നടക്കാന്‍ ഞങ്ങള്‍ക്ക് ഒരു മണിക്കൂറിലേറെ വന്നിട്ടുണ്ട്. ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നതോടെ അധികാരി എന്നോട് പറയും: ‘ഉം, പൊയ്‌ക്കോ’.
പൂച്ചയുടെ മുമ്പില്‍നിന്ന് രക്ഷപ്പെട്ട എലികുഞ്ഞിനെപ്പോലെ ഞാന്‍ സാഹ്ലാദം തിരികെ ഓടും. ഒപ്പം, എന്നെ കാത്തിരിക്കുന്ന ഹോം വര്‍ക്കിന്റെ കാഠിന്യമോര്‍ക്കുമ്പോള്‍ ആഹ്ലാദമൊക്കെ അലിഞ്ഞില്ലാതാകും. രാത്രിയിലിരുന്ന് വായിച്ചു പഠിക്കാന്‍ മണ്ണെണ്ണയില്ലാത്തതോര്‍ത്ത്, ഞാന്‍ വ്യാകുലപ്പെടും. ഇങ്ങനെ നീണ്ട മൂന്ന് വര്‍ഷം, എന്റെ സായാഹ്നങ്ങള്‍ കുട്ടനധികാരിയുമൊത്ത് പങ്കുവെച്ചു.
ഈ കാലത്തിനിടക്ക്, പരിണതപ്രജ്ഞനായിരുന്ന അധികാരിയില്‍നിന്ന് എനിക്ക് ക്ലാസ്മുറികളില്‍ നിന്ന് ലഭ്യമാകാത്ത പലതും പഠിക്കാന്‍ സാധിച്ചു. സംസ്‌കാരം, മാന്യത, ഭൂതദയ, സഹിഷ്ണുത എന്നിവ ജീവിതത്തില്‍ അനിവാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. ‘ജമശേലിെേ മിറ ജൃലലെിരല / ഛ്‌ലൃ ഇീാല ങീൗിമേശി’െ (ക്ഷമയും സഹനവും മലകളെയും കീഴടക്കും), അധികാരി പലപ്പോഴും ഉദ്ധരിച്ചിരുന്നു, ഈ വാക്യം. ഒരിക്കല്‍, ഞാന്‍ കുട്ടനധികാരിയുമൊത്ത് നടക്കുകയാണ്. അന്നേരം, ഞങ്ങള്‍ക്കഭിമുഖമായി ഒരാള്‍ നടന്നു വരുന്നു. സാമാന്യം നല്ല ഉയരം, അതിനൊത്ത ശരീരം, ആര്‍ജവം അലയടിക്കുന്ന മുഖഭാവം, കുറ്റിമീശ, കഷണ്ടി കയറിയ നെറ്റി, വെളുത്ത നീളന്‍ ജുബ്ബ, ഒരു വശം മുന്നോട്ടും ഒരു വശം പിന്നോട്ടുമായി കഴുത്തിലണിഞ്ഞ വീതികുറഞ്ഞ മഫ്‌ളര്‍. ഈ വേഷവിധാനങ്ങളോടെ, ഉടുമുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് ഒരാള്‍ നടന്നുവരുന്നു. കുട്ടനധികാരിയെ കണ്ടയുടനെ, അയാള്‍ നടത്തം സാവധാനത്തിലാക്കി. അതീവ വിധേയത്വത്തോടെ അയാള്‍ അധികാരിയുടെ മുന്നില്‍നിന്ന് അല്‍പ്പം മാറിനിന്നു. അധികാരി അയാളോട് കുശലം പറഞ്ഞു. അല്‍പ്പസമയത്തിനുശേഷം ആഗതന്‍ വിടവാങ്ങി. അന്നേരം അധികാരിയോട് ഞാന്‍ ചോദിച്ചു: ‘അദ്ദേഹമാരാണ്?’ അധികാരി അദ്ദേഹത്തിന്റെ പേര് പറഞ്ഞു. അദ്ദേഹത്തോട് എനിക്ക് വല്ലാത്തൊരു ആരാധനാഭാവം തോന്നി. വ്യാഴവട്ടങ്ങള്‍ക്കിപ്പുറവും ആ മനോഭാവം മങ്ങാതെ, മായാതെ മനസ്സില്‍ ശേഷിക്കുന്നു.
അദ്ദേഹത്തിന്റെ വീട് കവലയിലെ റോഡിന്റെ ഓരത്തായിരുന്നു. സമീപം വൈക്കോല്‍ മേഞ്ഞ രണ്ട് വീടുകളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വീട് ഓട് മേഞ്ഞതാണ്. വീടിന് ഒന്നാം നിലയും വരാന്തയും വെള്ള തേച്ച ചുമരുകളുമൊക്കെയുണ്ട്. അന്നത്തെ സ്ഥിതിക്ക് ഭേദപ്പെട്ട വീട്.
വീടിന്റെ അനുബന്ധമായി ഒരു ചായക്കടയുണ്ടായിരുന്നു. ‘ആറുകാലോലപ്പുരക’ളാണ് അന്നത്തെ ചായക്കടകള്‍. എന്നാലിത് അങ്ങനെയായിരുന്നില്ല. മറിച്ച്, അല്പം പ്രൗഢിയുള്ള കടയായിരുന്നു. അവിടെ എപ്പോഴും കച്ചവടം ഉണ്ടാകാറില്ല. ആരും കാര്യമായി അവിടെ ചായ കുടിക്കാന്‍ ചെല്ലാറുമില്ല. ‘വേണ്ടപ്പെട്ടവരാ’രെങ്കിലും വന്നാല്‍, ‘ഒന്നിരിക്കാനും രണ്ട് വാക്ക് സംസാരിക്കാനും’ കൂട്ടത്തില്‍ ഒരു ചായകുടിക്കാനും മാത്രമുള്ള ഒരു സംവിധാനം. അതായിരുന്നു ആ ചായക്കട.
പ്രണയം, വിവാഹം, നൈരാശ്യം, രോഗം, ആത്മഹത്യ തുടങ്ങിയ വ്യക്തിഗതങ്ങളായ താത്പര്യങ്ങളുടെയും ഭൗതിക ദുരന്തങ്ങളുടെയും മുന്നില്‍ സാധാരണക്കാര്‍ നിസ്സഹായരായിരുന്നു. ഇത്തരക്കാരെ സര്‍വാത്മനാ സഹായിക്കാന്‍ സന്നദ്ധനായി ഇദ്ദേഹം.
നാട്ടില്‍ ഒരാള്‍ ആത്മാഹത്യ ചെയ്‌തെന്നിരിക്കട്ടെ. വിവരമറിഞ്ഞയുടനെ അദ്ദേഹം ഓടിയെത്തും, വീട്ടുകാരെ സാന്ത്വനിപ്പിക്കും. ‘ഒന്നും പേടിക്കേണ്ട. പോലീസ് വരട്ടെ. കുഴപ്പം കൂടാതെ എല്ലാം ശരിയാക്കാം’ എന്ന് പറയും. അല്പം കഴിഞ്ഞ് അദ്ദേഹം പോയി സ്വന്തം ചായക്കടയിലിരിക്കുകയും ചെയ്യും.
പോലീസിന്, അന്ന് വാഹനമില്ല. എവിടേക്കും നടന്നാണ് പോകുക. തന്റെ കച്ചവടം ഒരു കവലയില്‍ ആയതുകൊണ്ട്, പോലീസ് ഏതുവഴിയേ വന്നാലും അദ്ദേഹം കാണും. അന്നേരം അദ്ദേഹം ഓടിച്ചെന്ന് പോലീസുകാരോട് അതിവിനയത്തില്‍ മൊഴിയും: ‘സാറന്മാരെ, ഓരോ ചായ കുടിച്ചിട്ട് പോകാം’. ഈ ക്ഷണം പോലീസുകാര്‍ക്ക് ഏറെ ഇഷ്ടപ്പെടും. നടന്ന്, ക്ഷീണിച്ച്, ദാഹിച്ച് വരുമ്പോഴാണ് ചായക്ക് ക്ഷണം! അവര്‍ കടയില്‍ കയറിയിരുന്ന് ഒരഞ്ചുമിനിട്ട് വിശ്രമിക്കുമ്പോഴേക്കും ചായ റെഡി. ചായയും ലഘുവായിട്ടെന്തെങ്കിലും കഴിക്കാനും നല്‍കി അദ്ദേഹം പോലീസുകാരെ തന്റെ വരുതിയിലാക്കും.
തുടര്‍ന്ന്, പോലീസുകാരുമൊന്നിച്ച് മരണവീട്ടിലേക്ക്. അവിടെ ചെന്നാല്‍ വീട്ടുകാരുടെ വക്താവും പോലീസിന്റെ സില്‍ബന്തിയുമാകും. ഫലമോ? നിഷ്പ്രയാസം മഹസ്സര്‍ തയ്യാറാക്കി, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനെടുക്കും. പോലീസ് തിരികെ പോകുമ്പോള്‍, അദ്ദേഹം കുറെ ദൂരം പോലീസിനെ അനുഗമിക്കും; പിന്നീട് നന്ദിവാക്കുകളോതി തിരികെ പോരും.
അടിപിടി കേസുകള്‍, അതിരു തര്‍ക്കം, കുടുംബ കലഹം, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗശ്രമം തുടങ്ങിയ ഏതുകാര്യത്തിലും അദ്ദേഹം ഇടപെടും; ‘ഇലയ്ക്കും മുള്ളിനും കേടില്ലാതെ’ പ്രശ്‌നം രമ്യമായി പരിഹരിക്കും. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ അദ്ദേഹം ജനസേവനം നിര്‍വഹിച്ചു. ഒരു ദിവസം ഗ്രാമം മുഴുവന്‍ വിതുമ്പി, എല്ലാ കണ്ണുകളും സജലങ്ങളായി. ഇതുപോലൊരു രക്ഷകന്‍ ഇനിയെന്നു ജനിക്കും? ഗ്രാമീണര്‍ അന്യോന്യം ചോദിച്ചു. പാറപ്പുറത്ത്, പൂളമണ്ണ കുഞ്ഞയമ്മു എന്ന നിസ്വാര്‍ഥനായ മനുഷ്യസ്‌നേഹിയുടെ വിയോഗമായിരുന്നു അത്. കുട്ടനധികാരിയെപ്പോലെ അഴിമതിരഹിതനായ ഉദ്യോഗസ്ഥനെ, പൂളമണ്ണ കുഞ്ഞയമ്മുവിനെപ്പോലെ നിസ്വാര്‍ഥനായ സാമൂഹ്യസ്‌നേഹിയെ ഈ നാട് ഇനി എന്നു കാണും?
.ടി ആര്‍ തിരുവഴാംകുന്ന്‌