യുഡിഎഫിനും ലീഗിനും കൂടുതല്‍ ആശ്വസിക്കേണ്ടി വരില്ല: കാരാട്ട് റസാഖ്

Posted on: January 17, 2019 3:18 pm | Last updated: January 17, 2019 at 8:38 pm

കോഴിക്കോട്: തന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കാരാട്ട് റസാഖ്. എതിര്‍സ്ഥാനാര്‍ഥിയായ എം എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ നിഗമനം വ്യക്തമായിട്ട് മനസ്സിലായിട്ടില്ല. താന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയത് മുതല്‍ യുഡിഎഫും പ്രത്യേകിച്ച് മുസ്‌ലിം ലീഗും തന്നെ വേട്ടയാടുകയാണ്. യുഡിഎഫും മുസ്‌ലിം ലീഗും ഇതൊരു അജന്‍ഡയായി എടുത്തൊരു കാര്യമാണ്. അവര്‍ക്ക് അല്‍പ്പം ആശ്വസിക്കാമെന്നല്ലാതെ കൂടുതല്‍ ആശ്വസിക്കേണ്ടി വരില്ല. പരാതി രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമാണ്. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കും. സുപ്രീം കോടതിയിയെ സമീപിക്കുന്നത് സംബന്ധിച്ച് ഇടത് മുന്നണിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.