Connect with us

Kerala

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി; പിന്നാലെ സ്റ്റേ

Published

|

Last Updated

കൊച്ചി: കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുര്‍റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. അവിഹിത മാര്‍ഗത്തിലൂടെയാണ് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് കോടതി കണ്ടെത്തി.

അതേ സമയം, സുപ്രീം കോടതിയെ സമീപിക്കണമെന്നുള്ള കാരാട്ട് റസാഖിന്റെ അപേക്ഷ പരിഗണിച്ച് വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ യാതൊരു ആനുകൂല്യവും കൈപ്പാറ്റാനാവില്ല.
വിജയിയായി പ്രഖ്യാപിക്കണമെന്ന എതിര്‍സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്ററുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

കൊടുവള്ളി സ്വദേശികളായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കോടതിയില്‍ ഹരജി നല്‍കിയത്. എം.എ റസാഖിന്റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി വീഡിയോ നിര്‍മിച്ച് കുടുംബയോഗങ്ങളില്‍ കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ഇടത് സ്വതന്ത്രനായാണ് കാരാട്ട് റസാഖ് മത്സരിച്ചത്.

മുസ്‌ലിം ലീഗിന് സ്വാധീനമുള്ള കൊടുവള്ളി നിയോജക മണ്ഡലത്തില്‍ കാരാട്ട് റസാഖിന്റെ വിജയം ലീഗിന് തിരിച്ചടിയായിരുന്നു. 573 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 61, 033 വോട്ടുകളാണ് കാരാട്ട് റസാഖ് നേടിയത്. മുസ്‌ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനം രാജിവെച്ചാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്.

Latest