കോഴിക്കറിയിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം; അന്വേഷണം വിമാനക്കമ്പനി ജീവനക്കാരിലേക്ക്

Posted on: January 17, 2019 1:19 pm | Last updated: January 17, 2019 at 1:19 pm

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം എട്ട് കിലോ സ്വര്‍ണ മിശ്രിതം പിടികൂടിയ സംഭവമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം വിമാനക്കമ്പനി ജീവനക്കാരിലേക്കും നീളുന്നു. രണ്ട് കോടിയോളം വിലവരുന്ന എട്ട് കിലോ സ്വര്‍ണമിശ്രിതമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയത്. കോഴിക്കറിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കറിയിലെ എല്ലിന്റെ ഉള്ളിലാണ് സ്വര്‍ണം കയറ്റിയിരുന്നത്.
തിങ്കളാഴ്ച്ച രാത്രിയില്‍ ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ വേസ്റ്റ് ബോക്‌സിലാണ് രണ്ട് പാക്കറ്റുകളിലായി സ്വര്‍ണം കലര്‍ന്ന മിശ്രിതം കണ്ടെത്തിയത്.

വേസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ച ശേഷം വിമാനം ക്ലീനിംഗ് നടത്തുന്നതിനിടെ സ്വര്‍ണം പുറത്തെത്തിക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ആരെങ്കിലും സ്വര്‍ണമാഫിയക്ക് ഒത്താശ ചെയ്യുന്നുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
വിമാനക്കമ്പനി ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കുക എളുപ്പമല്ലെന്ന് കസ്റ്റംസ് കരുതുന്നു.
ഷാര്‍ജയില്‍ ചെക്കിംഗ് പൂര്‍ത്തിയാക്കി കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. പുറത്തെത്തിക്കുന്നതിന് ആരുടെയെങ്കിലും സഹായം ഉറപ്പാക്കിയ ശേഷം വേസ്റ്റ് ബോക്‌സില്‍ സൂക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്ത് നിന്നും എത്തുന്ന മലയാളികളായ യാത്രക്കാര്‍ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നതെങ്കില്‍ പരിശോധന ശക്തമായതിനെ തുടര്‍ന്ന് വിദേശികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് സജീവമാകാന്‍ തുടങ്ങി. ഇത് പിടികൂടുവാന്‍ തുടങ്ങിയതോടെ സ്വര്‍ണകള്ളക്കടത്ത് സംഘം യാത്രക്കാര്‍ വഴി സ്വര്‍ണം പലരൂപത്തിലാക്കി പല തരത്തിലാണ് കടത്തുന്നത്.

കഴിഞ്ഞ ദിവസം പിടികൂടിയ സ്വര്‍ണം കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിലായിരുന്നു. മിശ്രിതത്തില്‍ നിന്നും വേര്‍പ്പെടുത്തിയപ്പോള്‍ 5.7 കിലോ സ്വര്‍ണമാണ് കിട്ടിയത്. അരയില്‍ ഉപയോഗിക്കുന്ന ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം സ്വര്‍ണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നു.

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം പുറത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.
നേരിട്ട് സ്വര്‍ണം കടത്തുന്നത് വളരെ പെട്ടെന്ന് പിടികൂടുന്നതിനെ തുടര്‍ന്നാണ് സ്വര്‍ണ മാഫിയ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത്. മറ്റ് വസ്തുക്കള്‍ക്കൊപ്പം കലര്‍ത്തി മിശ്രിത രൂപത്തില്‍ സ്വര്‍ണം എത്തിച്ച ശേഷം പ്രത്യേക രാസ വസ്തുക്കള്‍ ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കും.
മിശ്രിത രൂപത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം മെറ്റല്‍ ഡിറ്റക്ടറില്‍ പോലും പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഇത് മുതലെടുത്താണ് സ്വര്‍ണക്കടത്ത് മാഫിയ പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.