ഇത് ചരിത്രം. രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍

Posted on: January 17, 2019 11:07 am | Last updated: January 17, 2019 at 7:17 pm

കൃഷ്ണഗിരി(വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ 113ന് റണ്‍സിന് തകര്‍ത്താണ് കേരളം സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ പാര്‍ഥിവ് പട്ടേലും പിയൂഷ് ചാവ്‌ലയും അക്‌സര്‍ പട്ടേലുമടങ്ങുന്ന ഗുജറാത്തിനെ കേരളം പിടിച്ചുകെട്ടി. പേസ് ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസില്‍ തമ്പി അഞ്ച് വിക്കറ്റും സന്ദീപ് വാര്യര്‍ നാല് വിക്കറ്റുകളുമാണ് പിഴുതെടുത്തത്. ബേസില്‍ തമ്പി മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 81 റണ്‍സ് എടുത്തുന്നതിനിടെ ഗുജറാത്തിന്റെ എല്ലാ ബാറ്റ്‌സ്ന്മാന്മാരും കൂടാരം കയറി. 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ വി ഷായാണ് ടോപ് സ്‌കോറര്‍.

ഗുജറാത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. പതിനാറ് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. കഥാന്‍ ഡി പട്ടേല്‍ (അഞ്ച്), പി കെ പഞ്ചല്‍ (മൂന്ന്), നായകന്‍ പാര്‍ഥിവ് പട്ടേല്‍ (പൂജ്യം), ആര്‍ എച്ച് ഭട്ട് (പൂജ്യം) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങി. പിന്നീട്, ധുവ് വി റാവല്‍ (17), ആര്‍ബി കലാരിയ (രണ്ട്), അക്‌സര്‍ പട്ടേല്‍ (രണ്ട്), പിയൂഷ് ചാവ്‌ല (നാല്), സിടി ഗജ (ഒന്ന്) എന്നിവരും ചെറുത്തുനില്‍പ്പാതെ കീഴടങ്ങിയതോടെ ജയത്തിന് കേരളത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നില്ല.

12 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബേസില്‍ തമ്പി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് വാര്യര്‍ 13.3 ഓവറില്‍ 30 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

സെമി ഫൈനല്‍ മത്സരവും വയനാട്ടില്‍ വെച്ച് തന്നെ നടക്കും. നേരത്തെ, ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിപ്പിച്ചത്.