Connect with us

Editorial

ക്രൂരതയുടെ വിവാഹ റാഗിംഗ്

Published

|

Last Updated

പവിത്രമായ കര്‍മമാണ് വിവാഹം. സകലമതങ്ങളും സമൂഹങ്ങളും ഏറെ വിശുദ്ധവും മഹത്വമേറിയതുമായി കാണുന്ന ചടങ്ങ്. വ്യക്തിയുടെ ജീവിതത്തിലെ അതിപ്രധാനമായ ഏടുകളിലൊന്ന്. പുതിയ ഒരു കുടുംബത്തിന് നാന്ദി കുറിക്കുന്ന സന്തോഷദായകമായ ആഘോഷം. ആശംസകളും ആശീര്‍വാദങ്ങളുമായി കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേരുന്നു. ഈ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വേളകളെ പേടിസ്വപ്‌നമാക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ വിശേഷിച്ച് മലബാറിലെ വിവാഹ ചടങ്ങുകളോടനുബന്ധിച്ച് വരന്റെ സുഹൃത്തുക്കള്‍ കാണിക്കുന്ന വിക്രിയകള്‍. വിവാഹ വീട്ടിലൊരുക്കുന്ന സദ്യ കഴിച്ച് വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് പിരിഞ്ഞു പോരേണ്ട സുഹൃത്തുക്കള്‍ “വിവാഹ റാഗിംഗ്” നടത്തി വധൂവരന്മാരുടെയും വീട്ടുകാരുടെയും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയും ചിലപ്പോള്‍ ജീവതകാലം മുഴുക്കെ നടുക്കുന്ന ഓര്‍മകള്‍ സമ്മാനിച്ചുമാണ് ഇപ്പോള്‍ തടിതപ്പുന്നത്.

വധുവിനെയും വരനെയും വാഹനത്തില്‍ നിന്നിറക്കി ദീര്‍ഘദൂരം നടത്തിക്കുക, നടക്കുമ്പോള്‍ അവരുടെ പുതിയ ചെരുപ്പ് വാങ്ങി പഴയ കീറിയ ചെരുപ്പുകള്‍ നല്‍കുക, കാറിനു പകരം സൈക്കിളിലും ഗുഡ്‌സ് വണ്ടിയിലും ജെ സി ബിയിലും കയറ്റുക, ആദ്യരാത്രി മണിയറയില്‍ കയറാന്‍ അനുവദിക്കാതെ വരനെ നാട് ചുറ്റിക്കുക, വരന്റെ വീട്ടില്‍ വന്നു കയറിയ ഉടനെ വധുവിനെക്കൊണ്ട് മണവാട്ടി വേഷത്തില്‍ തന്നെ അമ്മിയില്‍ തേങ്ങ അരപ്പിക്കുക തുടങ്ങി ഒരുപാട് വിക്രിയകളാണ് വരന്റെ “സുഹൃത്തുക്കള്‍” കാണിച്ചു വരുന്നത്. കണ്ണൂര്‍ അഞ്ചുകണ്ടിയില്‍ ഇതിനിടെ ശവപ്പെട്ടിയിലാണ് സുഹൃത്തുക്കള്‍ വരനെ കൊണ്ടുപോയത്. ചില പ്രദേശങ്ങളില്‍ ഇവര്‍ അറയില്‍ അതിക്രമിച്ചു കയറി അലങ്കാരങ്ങളും ചമയങ്ങളും നശിപ്പിക്കുക, കട്ടിലിന്റെ ആണികള്‍ ഇളക്കിവെക്കുക, ജനലിനു മുകളില്‍ മൈക്ക് കെട്ടി പുലരുവോളം നീളുന്ന അനൗണ്‍സ്‌മെന്റ് നടത്തുക, മുറിയിലേക്ക് ചാണകവെള്ളം തളിക്കുക, തവളകളെ കയറ്റിവിടുക, പടക്കം പൊട്ടിച്ചെറിയുക തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമുണ്ട്. കട്ടിലിന്റെ ആണി ഇളക്കി മാറ്റിയതറിയാതെ അതില്‍ കയറിക്കിടന്ന് നടുവൊടിഞ്ഞ ഹതഭാഗ്യരുമുണ്ട് വധൂവരന്മാരില്‍.

വരന്റെ സുഹൃത്തുക്കളുടെ പരിധിവിട്ട “തമാശകളി”ല്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തുകയും വിവാഹ ചടങ്ങ് കൂട്ടത്തല്ലില്‍ പര്യവസാനിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ട്. ഭക്ഷണ ഹാളില്‍ സുഹൃത്തുക്കളുടെയും വധുവിന്റെയും അതിരുവിട്ട വിക്രിയകളില്‍ കോപാകുലനായ വരന്‍ ഭക്ഷണമേശ മറിച്ചിട്ട് എഴുന്നേറ്റു പോകുന്ന രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ചെറിയ തമാശകളില്‍ ആരംഭിച്ച വിവാഹ റാഗിംഗുകള്‍ ഇപ്പോള്‍ ഒരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നു കൊണ്ടിരിക്കെ കേരള പോലീസ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നു. “വിവാഹ ആഘോഷത്തിന്റെയും വിരുന്നു സത്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സുഹൃത്തുള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങളിലും എത്താനിടയാക്കകയും വിവാഹ വേദികളില്‍ കണ്ണീര്‍ വീഴ്ത്തുകയും ചെയ്യുന്നുണ്ട്. മറ്റൊരാളുടെ സന്തോഷത്തില്‍ ദുഃഖിക്കുന്ന ഒരുതരം സാഡിസമായി മാറുന്ന ഈ ആചാരം സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരുമാണ് പൊതുവെ അമിതമായ ഇത്തരം വിക്രിയകള്‍ വ്യാപകമാകാന്‍ കാരണമെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം അനിവാര്യമാണെ”ന്നും “അതിരുവിടുന്ന വിവാഹ റാഗിംഗ്” എന്ന തലക്കെട്ടില്‍ രണ്ട് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ നിയമപാലകര്‍ സമൂഹത്തെ ഉണര്‍ത്തുന്നു.

പോലീസ് ചുണ്ടിക്കാട്ടിയതു പോലെ വരന്റെ കൂട്ടുകാര്‍ മാത്രമല്ല, സമൂഹം മൊത്തത്തില്‍ ഇതിനുത്തരവാദികളാണ്. വിവാഹച്ചടങ്ങില്‍ സന്നിഹിതരായ ബന്ധുക്കളും നാട്ടുകാരും ധാര്‍മിക ബോധമുള്ള യുവാക്കളും ശക്തമായി പ്രതികരിച്ചാല്‍ അവസാനിപ്പിക്കാവുന്നതേയുള്ളൂ ഇത്തരം അതിരുവിട്ട കളികള്‍. മലബാറില്‍ ഇത്തരം കോപ്രായങ്ങള്‍ അസഹ്യമാം വിധം വര്‍ധിച്ചിരിക്കെ മഹല്ല് ജമാഅത്തുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. അടുത്തിടെ സംസ്ഥാനത്തെ ചില മഹല്ലുജമാഅത്തുകള്‍ ഇത്തരം ദുരാചാരങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയും അത് ഫലപ്പെടുകയും ചെയ്തിരുന്നു. വടക്കന്‍ കേരളത്തിലെ ഒരു മഹല്ലില്‍ വിവാഹ ചടങ്ങുകളില്‍ വരനെയും വധുവിനെയും റാഗ്‌ചെയ്യല്‍, ഡി ജെ ഡാന്‍സ്, ബൈക്ക് റൈസിംഗ് തുടങ്ങിയവ പാടില്ലെന്നും അതിഥികളെ മാനിക്കാത്ത ബൊഫെ സമ്പ്രദായം ഒഴിവാക്കണമെന്നും കമ്മിറ്റി വിളംബം ചെയ്യുകയും ഇത് അനുസരിക്കാത്തവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോള്‍ തുടക്കത്തില്‍ ചില അപസ്വരങ്ങളും എതിര്‍പ്പുകളുമെല്ലാം ഉണ്ടായെങ്കിലും കമ്മിറ്റി നിലപാടില്‍ ഉറച്ചുനിന്നതോടെ എതിര്‍പ്പുകള്‍ മാറുകയും ആ പ്രദേശം ഇത്തരം ദുരാചാരങ്ങളില്‍ നിന്നും മുക്തമാവുകയും ചെയ്തു. ആര്‍ജവമുള്ള മഹല്ല് കമ്മിറ്റികളെങ്കില്‍ എല്ലാ മഹല്ലിലും ഇതൊക്കെ നടപ്പാക്കാനാകും. തമാശക്ക് വേണ്ടി കൂട്ടുകാര്‍ ഒരുക്കുന്ന വിക്രിയകള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ധാര്‍മിക ബോധമുള്ള മത, സന്നദ്ധ സംഘടനകളും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.