പീറ്റര്‍ നിര്‍ത്തുകയാണ്…..

Posted on: January 17, 2019 9:36 am | Last updated: January 17, 2019 at 9:36 am

ചെക് റിപബ്ലിക് ലോകഫുട്‌ബോളിന് സമ്മാനിച്ച അതുല്യനായ ഗോള്‍ കീപ്പിംഗ് പ്രതിഭ പീറ്റര്‍ ചെക് സീസണോടെ വിരമിക്കും. രണ്ട് ദശാബ്ദം നീണ്ട കരിയറിനാണ് അന്ത്യമാകുന്നത്. ഇതില്‍ പതിനഞ്ച് വര്‍ഷവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലായിരുന്നു ചെക് കളിച്ചത്. പതിനൊന്ന് വര്‍ഷം ചെല്‍സിയുടെ വിശ്വസ്തനായ കാവലാള്‍. 2015 ജൂണില്‍ ചെല്‍സി വിട്ട് നഗരവൈരികളായ ആഴ്‌സണലില്‍ ചേര്‍ന്നു. സീസണില്‍ ആഴ്‌സണലിനൊപ്പം ഒരു ട്രോഫിയെങ്കിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുപ്പത്താറുകാരന്‍.

ആദ്യത്തെ പ്രൊഫഷണല്‍ കരാര്‍ ഒപ്പുവെച്ചിട്ട് ഇരുപത് വര്‍ഷമാകുന്നു. കളമൊഴിയാനുള്ള സമയമായിരിക്കുന്നു. ഫുട്‌ബോളില്ലാത്ത ഒരു ജീവതം ആലോചിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പിന്‍മാറേണ്ടതുണ്ട് – ചെക് പറഞ്ഞു.
ചെക് ഇംഗ്ലണ്ടിലെത്തിയത് ഫ്രഞ്ച് ക്ലബ്ബ് റെന്നെസില്‍ നിന്നാണ്. 2004 ജൂലൈയിലാണ് ചെല്‍സി പീറ്റര്‍ ചെകിനെ ടീമിലെത്തിച്ചത്. സ്റ്റാംഫോഡ് ബ്രിഡ്ജ് ക്ലബ്ബിനൊപ്പം പതിമൂന്ന് ട്രോഫികളാണ് ചെക് സ്വന്തമാക്കിയത്. ഇതില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗും നാല് പ്രീമിയര്‍ ലീഗും ഉള്‍പ്പെടുന്നു.
പീറ്റര്‍ ചെക് ചെല്‍സിയില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 228 ക്ലീന്‍ ഷീറ്റുകള്‍ (ഗോള്‍ വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കല്‍)നേടി ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കി. 1960-79 വരെ ചെല്‍സി ഗോളി ആയിരുന്ന മുന്‍ ഇംഗ്ലണ്ട് താരം പീറ്റര്‍ ബൊനെറ്റിയുടെ 208 ക്ലീന്‍ ഷീറ്റുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

2006 ലാണ് കരിയറിനെ ഏറെ ബാധിച്ച അപകടം പീറ്റര്‍ ചെക്കിന് സംഭവിക്കുന്നത്. റെഡിംഗിന്റെ സ്റ്റീഫന്‍ ഹണ്ടുമായി കൂട്ടിയിടിച്ച പീറ്റര്‍ ചെക്കിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. മൂന്ന് മാസം വിദഗ്ധ പരിചരണത്തിലായിരുന്നു ചെക്. ഇനി കളിക്കാന്‍ സാധിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഫുട്‌ബോള്‍ ലോകത്തെ നടുക്കി. എന്നാല്‍, തലകവചം ഉപയോഗിച്ച് പീറ്റര്‍ ചെക് കളത്തിലേക്ക് തിരിച്ചെത്തി. പ്രധാന കിരീടനേട്ടങ്ങളെല്ലാം പരുക്കിനെ അതിജീവിച്ചതിന് ശേഷമായിരുന്നു സംഭവിച്ചത്. ആഴ്‌സണലിനൊപ്പം ഒരു കിരീടമാണ് നേടിയത്. 2017 ല്‍ എഫ് എ കപ്പ്.

ചെല്‍സിക്കായി 333 മത്സരങ്ങളും ആഴ്‌സണലിനായി 110 മത്സരങ്ങളും കളിച്ചു. 800 സേവുകള്‍ ചെല്‍സിയില്‍, ആഴ്‌സണലില്‍ 336 സേവുകള്‍. ചെല്‍സി വല കാത്തപ്പോള്‍ 214 ഗോളുകളാണ് വഴങ്ങിയത്. അതായത് 29713 മിനുട്ടുകള്‍ കളിച്ച പീറ്റര്‍ ചെക് 123 മിനുട്ടില്‍ വഴങ്ങിയത് ഒരു ഗോള്‍ എന്നതാണ് കണക്ക്. ആഴ്‌സണലില്‍ 9783 മിനുട്ടാണ് ആകെ കളിച്ചത്. ഓരോ 78 മിനുട്ടിലും ഒരു ഗോള്‍ എന്നതാണ് കണക്ക്. ആകെ ആഴ്‌സണലില്‍ വഴങ്ങിയത് 125 ഗോളുകള്‍.
ആഴ്‌സണലിന്റെ ഫസ്റ്റ് ഗോള്‍ കീപ്പര്‍ ആയിക്കൊണ്ടാണ് ചെക് നടപ്പ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍, ബെര്‍നാഡ് ലെനോ ആ സ്ഥാനം സ്വന്തമാക്കിയതോടെ പീറ്റര്‍ ചെക് കാഴ്ചക്കാരനായി. സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പീറ്റര്‍ ചെക് കളിച്ചത്.