ഇടവേളക്ക് ശേഷം ഐ എസ് എല്‍ പുനരാരംഭിക്കുന്നു

Posted on: January 17, 2019 9:32 am | Last updated: January 17, 2019 at 9:32 am

കൊച്ചി: ഏഷ്യന്‍ കപ്പ് ഫുട്ബാളിനായി നിര്‍ത്തിവെച്ചിരുന്ന ഐ.എസ്.എല്‍ മത്സരങ്ങള്‍ 25ന് പുനരാരംഭിക്കും. ഏഷ്യന്‍ കപ്പിന്റെ യോഗ്യത റൗണ്ടില്‍ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് മത്സരങ്ങളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും. മാര്‍ച്ച് മൂന്നിന് എ.ടി.കെയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും.

11 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ബംഗളൂരു എഫ്.സിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളില്‍നിന്ന് 24 പോയിന്റുള്ള മുംബൈ രണ്ടാമതും 20 പോയിന്റ് വീതമുള്ള എഫ്.സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീമുകള്‍ മൂന്നും നാലും സ്ഥാനത്തുമാണ്. അതേസമയം, സീസണിലെ പ്രതീക്ഷകള്‍ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങളില്‍നിന്ന് ഒമ്പതു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കോച്ച് ഡേവിഡ് ജയിംസിനെ ഒഴിവാക്കിയതിനും പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ മറ്റു ടീമിലേക്കു ചേക്കേറാന്‍ തയാറെടുക്കുന്നതിനും ഇടയിലാണ് ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടുന്നത്.

ആദ്യ മത്സരത്തില്‍ പഴയ ടീമംഗങ്ങള്‍ എല്ലാവരും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായേക്കും. എന്നാല്‍ ഈമാസം 31ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നതോടെ ടീം മൊത്തത്തില്‍ മാറിയേക്കാനാണ് സാധ്യത. ഫെബ്രുവരി 15, ചെന്നൈയിന്‍ എഫ്.സി, മാര്‍ച്ച് ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവര്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍. ജനുവരി 31ന് ഡല്‍ഹി ഡൈനാമോസ്, ഫെബ്രുവരി ആറിന് ബംഗളൂരു എഫ്.സി എന്നിവരെ എവേ മത്സരത്തിലും നേരിടും.