Connect with us

Kerala

ഹജ്ജ്: ആദ്യ ഗഡു ഫെബ്രുവരി അഞ്ചിനകം അടക്കണം

Published

|

Last Updated

കൊണ്ടോട്ടി: ഈവര്‍ഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒന്നാം ഗഡു 81,000 രൂപ അടുത്ത മാസം അഞ്ചിനകം അടക്കണം. എസ് ബി ടി യിലോ ബാങ്ക് ഓഫ് ഇന്ത്യയിലോ ആണ് പണം അടക്കേണ്ടത്. ഓരോ അപേക്ഷകന്റെയും റഫറന്‍സ് നമ്പറുപയോഗിച്ചാണ് പണമടക്കേണ്ടത്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം.
പണമടച്ച പേ ഇന്‍ സ്ലിപിന്റെ ഒറിജിനല്‍ കോപ്പി അടുത്ത മാസം അഞ്ചിനകം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നല്‍കണം. പേ ഇന്‍ സ്ലിപിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.
ബേങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ് ഹജ്ജ് കമ്മിററിയുടെ വെബ്‌സൈറ്റില്‍ (www.keralahajcommittee. org)നിന്നും ലഭ്യമാണ്.

രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പ് അടച്ചാല്‍ മതി. ഒന്നാം ഗഡുവിനൊപ്പം തന്നെ രണ്ടാം ഗഡുവുംകൂട്ടി 2,01,000 രുപയും ഒരുമിച്ച് അടക്കാവുന്നതാണ്. എന്നാല്‍, ഇത് അടുത്ത മാസം അഞ്ചിനുള്ളില്‍ തന്നെയായിരിക്കണം. ഗ്രീന്‍, അസീസിയ കാറ്റഗറിക്കനുസരിച്ചുള്ള ബാക്കി തുക (മൂന്നാം ഗഡു) അടക്കേണ്ട തിയതി പിന്നീട് പ്രഖ്യാപിക്കും.
ഹാജിമാര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, നിശ്ചിത മാതൃകയിലുള്ള പൂര്‍ണമായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ടിഫിക്കറ്റ്, ചെസ്റ്റ് എക്‌സ് റേ റിപ്പോര്‍ട്ട് (ഫിലിം ആവശ്യമില്ല) ബ്ലഡ് സി ബി സി റിപ്പോര്‍ട്ട്, വെളുത്ത പ്രതലത്തിലുള്ളതും 3.5ഃ3.5 സൈസിലുള്ളതുമായ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഹജ്ജ് ഹൗസില്‍ സമര്‍പ്പിക്കണം.

ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഇപ്പോള്‍ സമര്‍പിക്കാന്‍ കഴിയാത്തവര്‍ കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഇതിനുള്ള അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വര്‍ക്കിംഗ് അല്ലെങ്കില്‍ റസിഡന്റ്‌സ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം എന്നിവ നല്‍കേണ്ടതാണ്.
രേഖകളും തുകയും നിശ്ചിത സമയത്തിനകം നല്‍കാത്തവരുടെ യാത്ര റദ്ദാക്കുന്നതും പകരം വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് മണ്ഡലങ്ങളിലെ ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടുക.

Latest