Connect with us

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഒരു മാസത്തിനകം; വിജയസാധ്യതക്ക് മുന്‍ഗണന

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ വിജയ സാധ്യതക്ക് പ്രഥമ പരിഗണന നല്‍കാന്‍ കെ പി സി സിയില്‍ ധാരണയായി. ഗ്രൂപ്പ് വീതം വെപ്പിന് പകരം വിജയ സാധ്യതയുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന പൊതു ആവശ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിക്കാതെ തന്നെയാകും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കുക. ഈ രീതിയില്‍ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 20ന് മുമ്പായി സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കാനാണ് നീക്കം. അടുത്ത മാസം പകുതിയോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നേരത്തെ കോര്‍കമ്മിറ്റി യോഗത്തിലും ധാരണയായിരുന്നു.

കെ പി സി സി സമിതി തയ്യാറാക്കുന്ന പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. തുടര്‍ന്ന് ഹൈക്കമാന്‍ഡായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുക. നിലവില്‍ സംസ്ഥാനത്ത് സംഘടനാ ചുമതലയുള്ള നേതാക്കളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതും ഹൈക്കമാന്‍ഡ് ആയിരിക്കും.

കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ നിലവില്‍ എം പിമാരാണ്. ഇതിന് പുറമെ മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്റായ കെ സുധാകരന്‍ കണ്ണൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവരുടെ കാര്യത്തിലാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചര്‍ച്ചാ വിഷയമായിരുന്നു. അതേസമയം, കെ പി സി സി പുനഃസംഘടന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചത്. തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് പുനഃസംഘടന നടന്നാല്‍ തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കുമെന്ന് കെ പി സി സി നേതൃത്വം സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പുനഃസംഘടന തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന ധാരണയിലെത്തിയത്.
ഈ മാസം 29ന് സംസ്ഥാനത്തെത്തുന്ന എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം