രഞ്ജി ട്രോഫി: ഗുജറാത്തിന് വേണ്ടത് 195, ചരിത്രമെഴുതാന്‍ കേരളം

Posted on: January 16, 2019 5:58 pm | Last updated: January 17, 2019 at 11:08 am

കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി ക്രിക്കറ്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനു മുന്നില്‍ 195 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച് കേരളം. ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. കേരളത്തിന്റെ ബാറ്റിംഗ് തീര്‍ന്നയുടന്‍ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചു. ഗുജറാത്തിനു മത്സരം ജയിക്കാന്‍ മൂന്നു ദിവസങ്ങളും പത്തു ബാറ്റ്‌സ്മാന്മാരും കൈയിലുണ്ട്.

വിരലിനേറ്റ പരുക്കു കൂസാതെ പത്താമനായി സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയത് ഇന്നത്തെ കളിയിലെ പ്രത്യേകതയായി. ഒറ്റ കൈ കൊണ്ടാണ് സഞ്ജു ബാറ്റ് ചെയ്തത്.
കനത്ത പേസ് ആക്രമണത്തെ കൂസാതെ ബാറ്റു വീശി വിലപ്പെട്ട 56 റണ്‍സ് അടിച്ചെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. 148 പന്തുകളില്‍ നിന്നാണ് സിജോ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. എട്ടു ബൗണ്ടറികളും സിജോയുടെ ബാറ്റില്‍ നിന്നു പിറന്നു. ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെ 44 റണ്‍സെടുത്ത ജലജ് സക്‌സേനയും കേരളത്തിന്റെ ടോട്ടലിലേക്ക് നല്ല സംഭാവനയേകി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (24), വിനൂപ് ഷീല മനോഹരന്‍ (16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആറാം വിക്കറ്റിലെ സിജോമോന്‍ ജോസഫ്-ജലജ് സക്‌സേന കൂട്ടുകെട്ടിന്റെ 55 റണ്‍സ് കേരളത്തിന് വലിയ തുണയായി. ഗുജറാത്തിനു വേണ്ടി റൂഷ് കലാരിയ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വീതവും നഗ്വാസ്വല്ല രണ്ടും ചിന്തന്‍ ഗജ, പിയൂഷ് ചാവ്‌ല എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.