കാണാതായ കര്‍ണാടക എം എല്‍ എമാരില്‍ ഒരാള്‍ തിരിച്ചെത്തി; കോണ്‍ഗ്രസിനും ജെ ഡി എസിനും ആശ്വാസം

Posted on: January 16, 2019 5:07 pm | Last updated: January 17, 2019 at 9:21 am

ബംഗളൂരു: ബി ജെ പിയുടെ ചാക്കു പിടിത്തത്തില്‍ അകപ്പെട്ടുവെന്ന സംശയത്തിന്റെ നിഴലിലായിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ. ഭീമാനായിക് സംസ്ഥാനത്ത് തിരിച്ചെത്തി. താന്‍ ഗോവയിലായിരുന്നുവെന്നും ചാര്‍ജര്‍ എടുക്കാന്‍ മറന്നുപോയതിനാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിപ്പോയെന്നും അതിനാലാണ് നേതാക്കളെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നുമാണ് ഭീമാനായികിന്റെ ന്യായീകരണം.

ജനതാദള്‍ യു, കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത യോഗം നടക്കുന്ന കുമാരപ്രഭ ഗസ്റ്റ് ഹൗസിലെ വേദിയിലെത്തിയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭീമാനായികുമായി സംസാരിച്ചു. ഇപ്പോഴും സംസ്ഥാനത്തിനു പുറത്തുള്ള മറ്റു മൂന്ന് എം എല്‍ എമാരും ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

18ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ എം എല്‍ എമാരും പങ്കെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കോണ്‍ഗ്രസും ജെ ഡി എസും. ബി ജെ പി നടത്തുന്ന കുതിരക്കച്ചവടം അവര്‍ക്കു തന്നെ നാണക്കേടാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.