ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി

Posted on: January 16, 2019 4:40 pm | Last updated: January 16, 2019 at 6:18 pm

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു സ്ഥലം മാറ്റി. സമരത്തിനു നേതൃത്വം കൊടുത്ത സിസ്റ്റര്‍ അനുപമ, പങ്കെടുത്ത സിസ്റ്റര്‍ ആല്‍ഫി, ആന്‍സിറ്റ, സിസ്റ്റര്‍ നീന റോസ്, ജോസഫിന്‍ എന്നിവരെയാണ് കേരളത്തിനു പുറത്തുള്ള വിവിധ മഠങ്ങളിലേക്കു മാറ്റിയത്.
ഇതില്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ഝാര്‍ഖണ്ഡിലേക്കുമാണ് മാറ്റിയത്.

മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി എന്നാണ് സ്ഥലം മാറ്റ നടപടിക്കു മദര്‍ ജനറല്‍ റജീന കടംതോട്ട് നല്‍കിയിരിക്കുന്ന വിശദീകരണം. അഞ്ച് കന്യാസ്ത്രീകളോടും 2018 മാര്‍ച്ചില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഇതേ സ്ഥലങ്ങളിലേക്കു പോകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും തയാറായില്ലെന്ന് മദര്‍ സുപ്പീരിയര്‍ നല്‍കിയ കത്തില്‍ പറയുന്നു. ഇതിനു പുറമെയാണ് സഭക്കെതിരെ സമരം ചെയ്തത്. ഇത് അച്ചടക്ക ലംഘനമാണ്.

കേരളത്തിനു പുറത്തേക്കു മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ഇത് പ്രതികാര നടപടിയാണ്. എന്തുതന്നെ സംഭവിച്ചാലും കുറവിലങ്ങാട് മഠം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. പീഡനത്തിനിരയായ കന്യാസ്ത്രീക്കു പൂര്‍ണ പിന്തുണയുമായി ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.