സന്നിധാനത്ത് യുവതികളെത്തിയത് അജ്ഞാതരായ അഞ്ച് പേര്‍ക്കൊപ്പമെന്ന് നിരീക്ഷക സമതി ഹൈക്കോടതിയില്‍

Posted on: January 16, 2019 3:52 pm | Last updated: January 16, 2019 at 3:52 pm

കൊച്ചി: ശബരിമല സന്നിധാനത്തു യുവതികള്‍ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി ഹൈക്കോടതിതിയില്‍. അജ്ഞാതരായ അഞ്ച് പേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയതെന്ന് മനസിലാക്കുന്നുവെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിരീക്ഷക സമതി പറയുന്നു.

പോലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ ബിന്ദുവിനെയും കനകദുര്‍ഗയെയും കടത്തിവിട്ടത് എങ്ങനെയെന്ന് അറിയില്ല.ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ എന്നിരിക്കെയാണ് ഇതുവഴി യുവതികള്‍ സന്നിധാനത്ത് എത്തിയിരിക്കുന്നത്. അജ്ഞാതരായ അഞ്ചുപേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടായതായും നിരീക്ഷക സമിതി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ല എന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം പന്തളത്ത് തുടരണം എന്ന് ഡിജിപി നിര്‍ദേശിച്ചതിനാലാണ് ആവശ്യപ്പെട്ടപ്പോള്‍ എത്താന്‍ സാധിക്കാതിരുന്നത് എന്ന് പത്തനംതിട്ട എസ്പി കോടതിയില്‍ വിശദീകരിച്ചു.