കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് സമരം ഹൈക്കോടതി തടഞ്ഞു

Posted on: January 16, 2019 3:16 pm | Last updated: January 17, 2019 at 9:21 am

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംയുക്ത സമരസമതി പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് സമരം ഹൈക്കോടതി ഡിവഷന്‍ ബെഞ്ച്  തടഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നാളെ മുതല്‍ പങ്കെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് പരിഗണിക്കവെ കെഎസ്ആര്‍ടിസി എംഡിക്കെതിരേയും കോടതി വിമര്‍ശമുന്നയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുമായി എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്താന്‍ വൈകിയതിനേയാണ് കോടതി വിമര്‍ശിച്ചത് . കെഎസ്ആര്‍ടിസി സമരത്തിനെതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

സമരം നിയമപരമല്ലെന്നും നേരത്തെ നോട്ടീ്‌സ് നല്‍കിയത് സമരം ചെയ്യാനുള്ള അനുമതിയല്ലെന്നും രാവിലെ ഹരജി പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നിയമപരമായ മാര്‍ഗമുള്ളപ്പോള്‍ എന്തിനാണ് മറ്റ് മാര്‍ഗങ്ങളിലേക്ക് പോകുന്നതെന്നും കോടതി ചോദിച്ചിരുന്നു. എംഡിയുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് അര്‍ധരാത്രിമുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു.