ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ വിട്ടു

Posted on: January 16, 2019 2:53 pm | Last updated: January 16, 2019 at 5:12 pm

സ്വന്തം ലേഖകൻ

ആലപ്പുഴ: ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ മുന്നണി വിട്ടു.ഘടകകക്ഷി എന്നനിലയില്‍ തങ്ങളുടെ പാര്‍ട്ടിയെ വിശ്വാസത്തിലെടുത്ത് കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നണി രാഷ്ട്രീയബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മുന്നണി വിടുന്നതെന്നും രാജന്‍ ബാബു വിഭാഗം ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ ബാബു ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് നേരെയുള്ള അവഗണനയും ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാകുന്ന പ്രവണതകളും എന്‍ഡിഎ വിടാന്‍ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡിഎ മുന്നണിയില്‍ തുടരുന്നത് തങ്ങളുടെ പാര്‍ട്ടി നയങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ഉതകുന്നതല്ലെന്ന് സംസ്ഥാന കമ്മറ്റി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി എന്‍ഡിഎയുമായി തുടര്‍ന്ന് വരുന്ന രാഷ്ട്രീയ ബന്ധത്തിന്റെ വിവിധ വശങ്ങള്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി ചര്‍ച്ചചെയ്താണ് മുന്നണി വിടാനുള്ള തീരുമാനമെടുത്തത്.

ജെ എസ് എസ് സ്ഥാപക കാലം മുതല്‍ ഗൗരിയമ്മയോടൊപ്പം പ്രവര്‍ത്തിക്കുകയും പാര്‍ട്ടി പ്രതിനിധിയായി നിയമസഭാംഗമാകുകയും ചെയ്ത രാജന്‍ബാബു, ഗൗരിയമ്മ ഇടതുപക്ഷത്തോടടുത്ത് തുടങ്ങിയതോടെയാണ് പാര്‍ട്ടി വിട്ടത്. തന്റെ നേതൃത്വത്തില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി യു ഡി എഫിനൊപ്പം നിന്നെങ്കിലും വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബി ഡി ജെ എസിന് നിയമാവലി തയ്യാറാക്കുന്നതിനായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തി. ഇതോടെയാണ് എന്‍ ഡി എയില്‍ അഭയം തേടിയത്.

കുറെ നാളുകളായി ജെ എസ് എസില്‍ മടങ്ങിയെത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ഗൗരിയമ്മയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ജെ എസ് എസ് രാജന്‍ബാബു വിഭാഗം മുന്നണി വിട്ടതോടെ കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ ഡി എ വിട്ട് പുറത്ത് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയും ഇതിനകം മുന്നണി വിടാനുള്ള തയ്യാറെടുപ്പിലാണ്. അതെസമയം, പ്രധാന പാര്‍ട്ടിയായ ബി ഡി ജെ എസ് മുന്നണി വിടുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ പ്രധാന ഘടകമായ എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാടുകള്‍ എന്‍ ഡി എ നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.