Connect with us

Gulf

എമിഗ്രേഷന്‍ നിയമത്തിലെ പരിഷ്‌കരണം സമഗ്ര ചര്‍ച്ചകള്‍ക്കു ശേഷമാവണം;ഐ സി എഫ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സന്ദേശമയച്ചു

Published

|

Last Updated

ദുബൈ: വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമത്തില്‍ കാലോചിത മാറ്റംവരുത്താനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. 1983ലെ എമിഗ്രേഷന്‍ ആക്ട് ആണ് വര്‍ഷങ്ങള്‍ക്കുശേഷം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിയമം പരിഷ്‌ക്കരിക്കുമ്പോള്‍ സമഗ്ര ചര്‍ച്ചകള്‍ക്കും പ്രവാസികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയുമായിരിക്കണം മുന്നോട്ടു പോകേണ്ടത്.

പ്രവാസി ക്ഷേമം എന്ന ലേബലില്‍ അധികാരികള്‍ മുന്നോട്ടുവെക്കുന്ന പല നിയമങ്ങളും പ്രവാസികള്‍ക്ക് വിനയായി മാറാറുണ്ട്. ഇ സി എന്‍ ആര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ നിര്‍ബന്ധ രജിസ്‌ട്രേഷന്‍ നടത്തണം എന്ന ഒരു നിര്‍ദ്ദേശം ഏതാനും മാസങ്ങള്‍ക്കുമുമ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും നിയമം മരവിപ്പിക്കുകയും ചെയ്തു. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പ് തടയുന്നതിനായി കൊണ്ടുവന്ന കര്‍ശന നിബന്ധനകള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി വരുന്ന പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ഗാര്‍ഹിക ജോലി അടക്കമുള്ളവയില്‍ പ്രായോഗികമല്ലാത്ത നിബന്ധനകള്‍ മുന്നോട്ട് വെച്ചത് കാരണം ഗള്‍ഫിലെ തൊഴില്‍ദാതാക്കള്‍ ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.

പ്രവാസികളുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കി നിയമ നിര്‍മാണം നടത്തി പ്രയോഗ വത്കരിക്കുമ്പോള്‍ കൃത്യമായ മുന്നൊരുക്കവും പഠനവും ആവശ്യമാണ്. പ്രവാസി സമൂഹവുമായി കൂടിയാലോചിച്ചും ആവശ്യമായ സമയം നല്‍കിയും മാത്രമേ അത്തരമൊരു നീക്കത്തിലേക്ക് കടക്കാവൂ. പ്രവാസി സമൂഹത്തെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളെയും ഉള്‍പ്പെടുത്തിയാവണം പഠനം പൂര്‍ത്തിയാക്കേണ്ടത്. ഇതല്ലാതെ ഏതാനും ദിവസം മുമ്പ് മാത്രം വിദേശ കാര്യ മന്ത്രലയത്തിന്റെ വെബ്‌സൈറ്റിലും ട്വിറ്ററിലും അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് അഭ്യര്‍ത്ഥന നടത്തിക്കൊണ്ട് മാത്രം സമഗ്രമായ ഒരു നിയമ നിര്‍മാണം നടത്തുന്നതില്‍ അപ്രായോഗികതയുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത് സംബന്ധമായി കേന്ദ്ര വിദേശകാര്യ മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും ഐ സി എഫ് സന്ദേശമയച്ചു

---- facebook comment plugin here -----

Latest