ഡല്‍ഹി വിമാനത്താവളത്തില്‍ ഇനി ബാഗേജ് സ്‌കാനിംഗിനും ഫീസ്

Posted on: January 16, 2019 12:58 pm | Last updated: January 16, 2019 at 7:05 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രു: ഒന്നുമുതല്‍ ബാഗേജ് സ്‌കാനിംഗിന് ഫീസ് നല്‍കണം. ചെക്ക് ഇന്‍ ബാഗേജിന്റെ സ്‌കാനിംഗിനാണ് ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ ഫീസ് ഈടാക്കുക. എന്നാല്‍, ഹാന്‍ഡ് ബാഗേജിന് ഫീസ് നല്‍കേണ്ടതില്ല.

വിമാനക്കമ്പനികളില്‍ നിന്നാണ് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡി ഐ എ എല്‍) ഫീസ് ഈടാക്കുക. ഇത് കമ്പനികള്‍ യാത്രക്കാരില്‍ നിന്നു വാങ്ങും. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് വിമാനത്തിലെ സീറ്റുകളുടെ എണ്ണം കൂടി കണക്കാക്കിയാണ് ഫീസ് ചുമത്തുക. 25, 50, 100, 200 സീറ്റുകളുള്ള വിമാനങ്ങള്‍ക്കു യഥാക്രമം 110, 220, 495, 770 എന്നിങ്ങനെയും 200നു മുകളില്‍ സീറ്റു വരുന്നവക്ക് 880 എന്നിങ്ങനെയാണ് ഫീസ് നല്‍കേണ്ടത്. അന്താരാഷ്ട്ര വിമാനങ്ങള്‍ ചെറിയവക്ക് 149.33 ഡോളറും വലിയവക്ക് 209.55 ഡോളറുമാണ് നിരക്ക്. എന്നാല്‍, യാത്രക്കാരില്‍ നിന്ന് ഇത്രയും തുക ഈടാക്കില്ല. ആഭ്യന്തര യാത്രക്കാര്‍ ബാഗേജ് ഒന്നിന് അഞ്ചും അന്താരാഷ്ട്ര യാത്രക്കാര്‍ 50ഉം രൂപയാണ് നല്‍കേണ്ടത്.

വിമാനത്താവളത്തിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് യാത്രക്കാരുടെ ദേഹപരിശോധനയും ഹാന്‍ഡ് ബാഗേജ് പരിശോധനയും നടത്തുന്നത്. അതേസമയം, ചെക്ക് ഇന്‍ ബാഗേജിന്റെ സ്‌കാനിംഗ് സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. സി ആര്‍ പി എഫ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസം: ഒന്നുമുതല്‍ പാസഞ്ചര്‍ സര്‍വീസ് ഫീസായി യാത്രക്കാരില്‍ നിന്ന് 77 രൂപ വീതം ഈടാക്കുന്നതിനു പുറമെയാണ് ബാഗേജ് സ്‌കാനിംഗിനും ഫീസ് ചുമത്തിയത്.