ദര്‍ശനം നടത്താതെ തിരിച്ചിറക്കിയ യുവതികള്‍ നിരാഹാര സമരം തുടങ്ങി

Posted on: January 16, 2019 10:56 am | Last updated: January 16, 2019 at 1:36 pm

പത്തനംതിട്ട: പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ പോലീസ് തിരിച്ചിറക്കിയ രണ്ട് യുവതികള്‍ പോലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷാനില സജീഷ് എന്നിവരാണ് പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരം തുടങ്ങിയത്. തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്നും ദര്‍ശനം നടത്താതെ മടങ്ങാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

പോലീസ് സംരക്ഷണം നല്‍കാമെന്ന് നേരത്തെ പറഞ്ഞതാണ്. മലകയറ്റം തുടങ്ങിയപ്പോള്‍ അഞ്ചില്‍ താഴെ പ്രതിഷേധക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവരെ നീക്കി പോലീസിന് തങ്ങളെ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കുകയായിരുന്നു. ദര്‍ശനം നടത്താതെ മാല അഴിക്കാനോ വ്രതം അവസാനിപ്പിക്കാനോ കുടുംബ ജീവിതത്തിലേക്ക് മടങ്ങാനോ ആകില്ലെന്നും രേഷ്മയും ഷാനിലയും പറഞ്ഞു.