സൈന്യത്തിലെ ചാരപ്രവര്‍ത്തനം

Posted on: January 16, 2019 10:15 am | Last updated: January 16, 2019 at 10:15 am

വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണം കൂടി വരികയാണ്. രാജസ്ഥാനിലെ ടാങ്ക് റെജിമെന്റില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്ന സൈനികന്‍ സോംബിറിനെ രണ്ട് ദിവസം മുമ്പാണ് ചാരപ്രവര്‍ത്തനത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പില്‍ അകപ്പെട്ട് ചാരവനിത ജമ്മു കശ്മീരിലെ അനികാ ചോപ്രക്ക് സൈനിക വിവരങ്ങള്‍ കൈമാറിയെന്നാണ് സോംബിറിനെതിരെ ചുമത്തപ്പെട്ട കുറ്റം. പാക് ചാരസംഘടനയായ ഐ എസ് ഐയിലെ അംഗമായ അനികാ ചോപ്ര 2016ലാണ് സാമൂഹിക മാധ്യമത്തിലൂടെ സോംബിറുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ നിരന്തരം അയച്ച് വശത്താക്കുകയും ഇതുവഴി ആയുധ സന്നാഹങ്ങള്‍, സേനാ സാന്നിധ്യമുള്ള പ്രദേശങ്ങള്‍, പരിഗണനയിലുള്ള ഇന്ത്യന്‍ സൈനിക പദ്ധതികള്‍ തുടങ്ങി അതീവ രഹസ്യമായ പല വിവരങ്ങളും ചോര്‍ത്തുകയുമായിരുന്നു. വിവരങ്ങള്‍ കൈമാറുന്നതിന് 5,000 രൂപ വീതം ഇയാള്‍ക്ക് സഹോദരന്റെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ് സഹോദരന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയത്. സോംബിര്‍ പിന്നീട് ഇത് തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ സോംബിര്‍ കുറ്റം സമ്മതിച്ചതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.
സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ ചൈനയും പാക്കിസ്ഥാനും നടത്തുന്ന ശ്രമങ്ങള്‍ ആപത്കരമാം വിധം വര്‍ധിച്ചതായും ഇത്തരം ഹണിട്രാപ്പ് ശ്രമങ്ങള്‍ക്ക് വശംവദരാവാതിരിക്കാന്‍ സൈനികര്‍ ശ്രദ്ധിക്കണമെന്നും 2017 ആഗസ്റ്റില്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. കരസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സൈനിക മേധാവികള്‍ ഹണി ട്രാപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാനി, ചൈനീസ്, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന സൗന്ദര്യവും ആകര്‍ഷകത്വവുമുള്ള സ്ത്രീകളെയാണ് സൈനികരെ വശീകരിക്കാന്‍ രംഗത്തിറക്കുന്നത്. യുവതികളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം പണ്ടുമുതലേ ഉണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായതോടെയാണ് ഇതിന്റെ തോത് വര്‍ധിച്ചത്. സൈബര്‍ ഹണിട്രാപ്പുകള്‍ക്കായി ഐ എസ് ഐക്ക് 3,500 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് തന്നെയുണ്ടെന്നും ഇതിനായി വനിതകളുടെ സംഘത്തെ സജ്ജീകരിച്ചതായും ഇന്റലിജന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് വ്യാജ പ്രൊഫൈലുകളില്‍ വ്യാജ സുന്ദരിമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ചാരപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാവാന്‍ സൈന്യത്തിന് ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും കെണിയില്‍ അകപ്പെടുന്ന സൈനികരുടെ എണ്ണം വര്‍ധിക്കുകയാണ്. അമ്പതോളം ഇന്ത്യന്‍ സൈനികരെങ്കിലും ഐ എസ് ഐ ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ എ ടി എസിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ അറിയിച്ചത്.
ശാരീരിക സൗന്ദര്യം കൊണ്ടല്ല ചാരസുന്ദരികള്‍ സൈനികരെ കെണിയില്‍ വീഴ്ത്തുന്നത്. ബുദ്ധിപരമായ നീക്കത്തിലൂടെയാണ്. അതിനു പറ്റുന്ന വിധത്തിലാണ് ഐ എസ് ഐ അവരെപരിശീലിപ്പിച്ചെടുക്കുന്നത്. ബുദ്ധിമതികളായ പെണ്‍കുട്ടികളെ പത്ത് വയസ്സ് മുതലെങ്കിലും കുടുംബത്തോടെ ദത്തെടുത്താണ് ചാരപ്രവര്‍ത്തനത്തിന് സജ്ജരാക്കുന്നത്. ലക്ഷ്യമിടുന്ന സൈനികന്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും പാര്‍ട്ടികളിലും പങ്കെടുത്ത് അയാളുടെ ശ്രദ്ധ പിടിച്ചു പറ്റി തന്ത്രപരമായാണ് ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്. ഈ ബന്ധം നിരന്തരം പരിപോഷിപ്പിച്ച് സൈനികരുടെ വിശ്വാസം നേടിയെടുത്താണ് കാര്യങ്ങള്‍ നേടുന്നത്. പലപ്പോഴും വര്‍ഷങ്ങളെടുക്കും ഇത്തരത്തില്‍ ബന്ധമുണ്ടാക്കിയെടുത്ത് വിവരങ്ങള്‍ ചോര്‍ത്താന്‍. ചില സാഹചര്യങ്ങളില്‍, ഒരു ഘട്ടം കഴിഞ്ഞാല്‍ ചാരവനിതകള്‍ രംഗംവിടും. പിന്നീട് ശത്രുസൈനികന്‍ പറഞ്ഞ കാര്യങ്ങളും രഹസ്യങ്ങളുമുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്താകും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക.

ആസൂത്രിതവും ബുദ്ധിപരവുമായ ചാരസുന്ദരിമാരുടെ കെണിയില്‍ അതീവ പ്രമുഖര്‍ പോലും ഉള്‍പ്പെടാറുണ്ട്. ബി ജെ പി. എം പിയും ദേശീയ പ്രതിരോധ ഉപദേശക സമിതി അംഗവുമായ വരുണ്‍ ഗാന്ധിക്കെതിരെ യു എസില്‍ നിന്നുള്ള അഭിഭാഷകന്‍ സി എഡ്മണ്ട്‌സ് അലന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ചാരസുന്ദരിമാരുടെ വലയില്‍ അകപ്പെട്ട് വരുണ്‍ ഗാന്ധി, വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മക്കും ആയുധക്കടത്തുകാര്‍ക്കും നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നാണ് അലന്‍ പറയുന്നത്. ഇതു സംബന്ധിച്ച് 2016 സെപ്തംബര്‍ 16ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതുകയും ചെയ്തു. കത്തിനൊപ്പം വിദേശ സുന്ദരിമാര്‍ക്കൊപ്പമുള്ള വരുണിന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നതായി എന്‍ ഡി ടി വി പറയുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതര പ്രശ്‌നമാണ് പ്രതിരോധ രഹസ്യങ്ങളുടെ നിരന്തരമായുള്ള ചോര്‍ച്ച. സൈനികരിലൂടെയാണ് ഇതു പുറത്തു പോകുന്നതെന്നത് വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഇതിനകം ഒട്ടേറെ രഹസ്യങ്ങള്‍ ചൈനയും പാക്കിസ്ഥാനും ചോര്‍ത്തിയിട്ടുണ്ടാകുമെന്നാണ് ചാരപ്രവര്‍ത്തനത്തിന് പിടിക്കപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയില്‍ നിന്ന് അനുമാനിക്കേണ്ടത്. സൈനികരുടെ നീക്കങ്ങളും അവരുടെ സോഷ്യല്‍ മീഡിയ ഉപയോഗവും നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കുന്നതിലൂടെ വലിയൊരളവോളം ഇതുതടയാനാകും.