ബ്രക്‌സിറ്റ് കരാര്‍: തെരേസ മേയ്ക്ക് കനത്ത തിരിച്ചടി

Posted on: January 16, 2019 10:10 am | Last updated: January 16, 2019 at 1:36 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കരാറിന് അനുകൂലമായി 202 പേര്‍ വോട്ട് ചെയ്തപ്പോള്‍ 432 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അഞ്ച് ദിവസം നീണ്ട് ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൗസ് ഓഫ് കോമണ്‍സില്‍ കരാര്‍ വോട്ടിനിട്ടത്.

വിവധ വിഷയങ്ങളില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങള്‍തന്നെ എതിര്‍പ്പുയര്‍ത്തിയിരുന്നു. കരാര്‍ വോട്ടിനിട്ടപ്പോള്‍ കസര്‍വേറ്റീവ് പാര്‍ട്ടിയിലെ ചില അംഗങ്ങളും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ബ്രക്‌സിറ്റ് കരാറിനെതിരെ വോട്ട് ചെയ്തിരുന്നു. പരാജയ ഭീതിയെത്തുടര്‍ന്ന് ഡിസംബറില്‍ നടത്തേണ്ടിയിരുന്ന വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം നടത്തിയ വോട്ടെടുപ്പിലും മേ പരാജയ രുചിയറിഞ്ഞു. കരാര്‍ പരാജയപ്പെട്ടാല്‍ ബ്രക്‌സിറ്റ് പദ്ധതി പാളുമെന്നും കരാറില്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടി വരുമെന്നും മേയ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വോട്ടെടുപ്പിനെ അതൊന്നും സ്വാധീനിച്ചില്ല. കരാര്‍ പരാജയപ്പെട്ടതോടെ പുതി ബ്രക്‌സിറ്റ് കരാര്‍ അവതരിപ്പിക്കേണ്ടിവരും.