കരിപ്പൂരിൽ പുതിയ ടെർമിനൽ ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യും

Posted on: January 16, 2019 12:27 am | Last updated: January 16, 2019 at 12:29 am

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പുതുതായി നിർമിച്ച അന്താരാഷ്ട്ര ആഗമന ടെർമിനൽ ഫെബ്രുവരി 10ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനംചെയ്യും. 120 കോടി രൂപ ചിലവിൽ നിർമ്മിച്ച ടെർമിനൽ തുറക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ടെർമിനൽ കരിപ്പൂരിന് സ്വന്തമാകുകയാണ്.

അത്യാധുനിക സംവിധാനങ്ങൾ, ഒട്ടേറെ കസ്റ്റംസ് ഇമിഗ്രേഷൻ കൌണ്ടറുകൾ, പ്രാർത്ഥനാ ഹാൾ, തുടങ്ങിയ എല്ലാ സൌകര്യങ്ങളും ഒരുക്കിയ ടെർമിനലിൽ മണിക്കൂറിൽ 2500 യാത്രക്കാരെ എളുപ്പത്തിൽ ക്ലിയർ ചെയ്യാൻ കഴിയും. 30 മിനുറ്റിനകം യാത്രക്കാർക്ക് പുറത്ത് കടക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

കരിപ്പൂർ വിമാനത്താവളത്തിന് അഭിമാനമുണ്ടാക്കുന്ന, ഒരു ലക്ഷത്തി ഇരുപതിനായിരം സ്ക്വയർ ഫീറ്റുള്ള ആഗമന ടെർമിനൽ ഹാൾ ഉൽഘാടന ചടങ്ങുകൾ ഇല്ലാതെ തുറന്നുകൊടുക്കുവാനായിരുന്നു നേരത്തെ പരിപാടി. അതിനെതിരായി മലബാർ ഡവലപ്പ്മെന്റ് ഫോറം എയർപ്പോർട്ട് അതോറിറ്റി ചെയർമാന് രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രിയെ കൊണ്ട് പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിക്കാനുള്ള തീരുമാനമായത്