Connect with us

Ongoing News

യുവതാരങ്ങള്‍ക്കായി വഴിമാറുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ മലയാളി താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ബഹ്‌റൈനിനോട് തോറ്റ് ഇന്ത്യ പുറത്തായതിനെ തുടര്‍ന്നാണ് അനസ് വിരമിക്കാന്‍ തീരുമാനിച്ചത്. ട്വിറ്ററിലൂടെയാണ് വിരമിക്കുന്നതായി അനസ് അറിയിച്ചത്.

മികച്ച രീതിയില്‍ ഏറെക്കാലം ഫുട്‌ബോള്‍ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ യുവ പ്രതിഭകള്‍ക്കു വേണ്ടി മാറികൊടുക്കുകയാണ്. വിരമിക്കാന്‍ ഇതാണു ശരിയായ സമയമെന്നു കരുതുന്നു. ദേശീയ ടീമില്‍ കളിക്കാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. കഴിവിന്റെ നൂറു ശതമാനത്തിലുമധികം ടീമിനു നല്‍കാന്‍ ശ്രമിച്ചിരുന്നു.

എന്നില്‍ വിശ്വാസമര്‍പ്പിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന് ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവി ആശംസിക്കുന്നു. എന്നെ പിന്തുണച്ച ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി. എന്റെ സഹോദരന്മാര്‍ക്കൊപ്പം നീല ജഴ്‌സിയണിഞ്ഞ് മൈതാനത്തേക്ക് നടക്കുന്ന അനുഭവം എന്നും ഹൃദയത്തിലുണ്ടാകും. സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗനുമായി നല്ല കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞു. ഈ ദിനങ്ങളെല്ലാം എനിക്കു നഷ്ടപ്പെടും. ഈ ഓര്‍മകള്‍ എന്നും എന്നോടൊപ്പമുണ്ടാകും- അനസ് പറഞ്ഞു.

ബഹ്‌റൈനുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കെ വഴങ്ങിയ പെനാല്‍ട്ടിയിലാണ് ഇന്ത്യക്കു പുറത്തു പോകേണ്ടി വന്നത്. പ്രതിരോധത്തില്‍ ശക്തമായി നിലയുറപ്പിച്ചതിനിടെ പരുക്കേറ്റ അനസിന് തുടര്‍ന്നു കളിക്കാനായിരുന്നില്ല. അനസ് പുറത്തു പോയത് ഇന്ത്യക്കു കനത്ത തിരിച്ചടിയായിരുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് 2007ല്‍ മുംബൈ എഫ് സിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ദേശീയ ടീമില്‍ ഇടം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.
ടീമിന്റെ പരാജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നേരത്തെ രാജിവച്ചിരുന്നു.

---- facebook comment plugin here -----

Latest