Connect with us

Ongoing News

കളം വാണ് നായകനും മുന്‍ നായകനും; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

അഡ്‌ലെയ്ഡ്: നായകനും മുന്‍ നായകനും തകര്‍ത്താടിയപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഓസീസ് മുന്നോട്ടുവച്ച 298 റണ്‍സ് നാലു പന്തുകള്‍ അവശേഷിക്കെ ടീം ഇന്ത്യ മറികടന്നു.

സെഞ്ച്വറി നേടിയ വിരാട് കോലിയും (104) അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന എം എസ് ധോണിയും (55) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണായക സംഭാവനയേകിയത്. വിലപ്പെട്ട 82 റണ്‍സുകളാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 108 പന്തില്‍ നിന്നാണ് കോലിയുടെ 100 പിറന്നത്. നാലു പന്തില്‍ നാലു റണ്‍കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് റിച്ചാഡ്‌സണ് വിക്കറ്റു നല്‍കി നായകന്‍ മടങ്ങിയത്. രണ്ടു സിക്‌സും അഞ്ച് ബൗണ്ടറിയും കോലിയുടെ മികവാര്‍ന്ന ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

അര്‍ധ സെഞ്ച്വറിയും കടന്ന് അഞ്ചു റണ്‍ കൂടി കൂടുതലായി തന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ധോണിക്ക് വേണ്ടിവന്നത് 54 പന്തുകള്‍ മാത്രമാണ്. അമിതാവേശം കാണിച്ച് വിക്കറ്റ് ബലികഴിക്കാതെ പക്വതയാര്‍ന്ന ബാറ്റിംഗിലൂടെയാണ് ധോണി ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. ഈ ഇന്നിംഗ്‌സില്‍ ബൗണ്ടറികളൊന്നും പിറന്നില്ലെങ്കിലും നിര്‍ണായക ഘട്ടത്തില്‍ രണ്ടു കിടിലന്‍ സിക്‌സറുകള്‍ പറത്തിയ ധോണി താനിപ്പോഴും ഇന്ത്യന്‍ ടീമിലെ മുടിചൂടാമന്നനാണെന്നു പ്രഖ്യാപിച്ചു. കിടയറ്റ ഷോട്ടുകളിലൂടെ ആക്രമിച്ചു കളിച്ച ദിനേഷ്് കാര്‍ത്തിക്കിനെ (25) സാക്ഷി നിര്‍ത്തി ഫിനിഷിംഗ് റണ്‍ നേടിയതും ധോണി തന്നെ.

ഓസീസിന്റെ മികച്ച സ്‌കോറിലേക്ക് ബാറ്റു വീശിയ ഇന്ത്യക്കു ശിഖര്‍ ധവാനും (28 പന്തില്‍ 32), രോഹിത് ശര്‍മയും (52ല്‍ 43) ചേര്‍ന്ന് നല്ല തുടക്കം നല്‍കി. 47 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ബെറന്റോഫിന്റെ പന്തില്‍ ഖ്വാജക്കു പിടികൊടുത്ത് ധവാനാണ് ആദ്യം മടങ്ങിയത്. സ്റ്റെയിന്‍സിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിനു ക്യാച്ച് നല്‍കി രോഹിതും ക്രീസ് വിട്ടു. 36ല്‍ 24 നേടിയ അമ്പാട്ടി റായിഡുവാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍.

ആദ്യ മത്സരത്തിനെക്കാള്‍ മികച്ച സ്‌കോറാണ് നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് പടുത്തുയര്‍ത്തിയത്. ശതകം നേടിയ ഷോണ്‍ മാര്‍ഷും അന്തിമ ഓവറുകളില്‍ മിന്നുന്ന പ്രകടനം നടത്തിയ ഗ്ലെന്‍ മാക്്‌സ്വെല്ലുമാണ് ഇതില്‍ കനത്ത സംഭാവനയേകിയത്. 123 പന്തില്‍ നിന്ന് മാര്‍ഷ് അടിച്ചെടുത്തത് 131 റണ്‍സാണ്. 11 ബൗണ്ടറികളും മൂന്നു സിക്‌സും മാര്‍ഷിന്റെ ഇന്നിംഗ്‌സിന് പകിട്ടേകി. ടി ട്വന്റിക്കു സമാനം ബാറ്റു വീശിയ മാക്‌സ്വെല്‍ 37 പന്തില്‍ നേടിയത് 48 റണ്‍സ്. അപ്പുറത്ത് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീണിട്ടും ഉറച്ചു നിന്ന് പൊരുതിയ മാര്‍ഷ് ഖ്വാജയെ കൂട്ടുപിടിച്ച് 56ഉം ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം 52ഉം റണ്‍സ് ഓസീസ് ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തു.

ക്യപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ആറില്‍ നില്‍ക്കെ ഭുവനേശ്വറും അലക്‌സ് കാരി (18)യെ ഷമിയും തിരിച്ചയച്ചു. ഖ്വാജയെ ജഡേജ റണ്ണൗട്ടാക്കി. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ നാലും ഷമി മൂന്നും വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് തിളങ്ങാന്‍ കഴിഞ്ഞില്ല.
ഹാന്‍ഡ്‌സ്‌കോമ്പ് (20), സ്റ്റെയിന്‍സ് (29), റിച്ചാഡ്‌സണ്‍ (2), പീറ്റര്‍ സിഡില്‍ (0) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.

Latest