Connect with us

Kerala

ഏറ്റവും കൂടുതല്‍ ഹാജിമാര്‍ കരിപ്പൂര്‍ വഴി; കൊച്ചിയിലൂടെ അഞ്ചിലൊന്ന് മാത്രം

Published

|

Last Updated

ഫയൽ

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ 80 ശതമാനം പേരും യാത്രക്കായി തിരഞ്ഞെടുത്തത് കരിപ്പൂര്‍ വിമാനത്താവളം. ആകെയുള്ള 11,472 പേരില്‍ 9,329 പേരും യാത്ര പോകുന്നത് കരിപ്പൂര്‍ വഴിയാണ്. 2,143 പേരാണ് കൊച്ചി വഴി യാത്ര തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ കരിപ്പൂരിലെ എംബാര്‍ക്കേഷന്‍ പോയിന്റിന് പ്രസക്തിയേറി. ഹജ്ജ് യാത്രയുടെ ആദ്യ വിമാന ഷെഡ്യൂളുകള്‍ കരിപ്പൂരില്‍ നിന്ന് വേണമെന്ന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം ന്യായമാണെന്നും വ്യക്തമായിരിക്കുകയാണ്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തുന്നത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തണ ഹജ്ജ് എംബര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുകയായിരുന്നു. അറ്റക്കുറ്റപ്പണിക്കായി റണ്‍വേ അടച്ചതോടെ കൊച്ചിയിലേക്ക് മാറ്റിയ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുന്നതിന് പകരം രണ്ട് വിമാനത്താവളങ്ങളെയും എംബാര്‍ക്കേഷന്‍ പോയിന്റായി കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെയും എസ്‌വൈഎസ് അടക്കം സംഘടനകളുടെയും ശക്തമായ സമരത്തിനൊടുവിലാണ് കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനായത്.

ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് കരിപ്പൂരില്‍ നിന്ന് വേണമെന്ന് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത് കരിപ്പൂരില്‍ നിന്നായതിനാല്‍ ഈ ആവശ്യം ന്യായമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര പുനസ്ഥാപിക്കുന്നതില്‍ മലബാറുകാര്‍ ഏറെ സന്തുഷ്ടരാണ്. ഈ സന്തോഷം പങ്കുവെക്കാന്‍ ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് തന്നെ പറന്നുയരണമെന്നാണ് ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം.

ഇത്തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ കൂടുതല്‍ പേരും തിരഞ്ഞെടുത്തതും കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ആകെയുള്ള 43,115 അപേക്ഷകരില്‍ 34,853 പേരും തിരഞ്ഞെടുത്തത് കരിപ്പൂരിനെയാണ്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരുള്ളത്. 2009 സ്ത്രീകള്‍ അടക്കം 3252 പേര്‍. 1793 സ്ത്രീകള്‍ അടക്കം 2917 ഹാജിമാരുള്ള കോിഴിക്കോട് രണ്ടാം സ്ഥാനത്തും 962 സ്ത്രീകള്‍ അടക്കം 1558 പേരുള്ള കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ആകെ യാത്രക്കാരില്‍ 6959 പേര്‍ സ്ത്രീകളാണ്. 12 കുട്ടികളും ഇത്തവണ ഹജ്ജ് സംഘത്തിലുണ്ട്.

– സയ്യിദ് അലി ശിഹാബ്

 

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest