ശബരിമല യുവതീപ്രവേശം:പ്രത്യേക അജന്‍ഡയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: January 15, 2019 3:28 pm | Last updated: January 15, 2019 at 8:03 pm

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. യുവതികളായ ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ വന്നത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് പ്രത്യേക അജന്‍ഡയില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. സര്‍ക്കാറിനെതിരായ ഇത്തരമൊരു ആരോപണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണം മാത്രമാണെന്നും കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയിലെത്തുന്നവരുടെ വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ല. വിശ്വാസം പരിശോധിക്കണമെന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ശബരിമല വിഷയത്തില്‍ ഹൈക്കോടതിക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.