ആലപ്പാട്ടെ കരിമണല്‍ ഖനനം: സര്‍ക്കാറിനും ഖനന കമ്പനിക്കും ഹൈക്കോടതി നോട്ടീസയച്ചു

Posted on: January 15, 2019 1:06 pm | Last updated: January 15, 2019 at 8:03 pm

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാറിനും ഖനന കമ്പനിയായ ഐആര്‍ഇക്കും നോട്ടീസ് അയച്ചു. ആലപ്പാട്ടെ ഖനനം അനധിക്യതമാണെന്ന് കാണിച്ച് ആലപ്പാട് സ്വദേശി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസയച്ചത്.

ഖനനം തടയണമെന്നതുള്‍പ്പെടെയുള്ള ആവശ്യമടങ്ങുന്ന ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഒരാഴ്ചക്കകം കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കി. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ പരിസ്ഥിതി ആഘാത സമതി റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തുന്ന ഖനനം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഖനനത്തെത്തുടര്‍ന്നുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും റിമോട്ട് സെന്‍സിങ് ഏജന്‍സിയും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരജിയിലുണ്ട്. അതേ സമയം ചട്ടങ്ങള്‍ പാലിച്ചാണ് ഖനനം നടത്തുന്നതെന്ന് ഐആര്‍ഇ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.