ശബരിമല ദര്‍ശനത്തിന് അനുമതിയില്ല; കെ സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി

Posted on: January 15, 2019 12:12 pm | Last updated: January 15, 2019 at 1:28 pm

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി.മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജി.

സുരേന്ദ്രന്റെ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. സുരേന്ദ്രന്റെ ആവശ്യം എതിര്‍ത്ത സര്‍ക്കാര്‍ സമാധാന പൂര്‍ണമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സുരേന്ദ്രന്റേതെന്നും കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹരജി കോടതി തള്ളിയത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ശബരിമല കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഇതില്‍ ഇളവ് തേടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.