ശിവ്പാല്‍ യാദവ് കോണ്‍ഗ്രസുമായി അടുക്കുന്നു

Posted on: January 14, 2019 11:56 pm | Last updated: January 14, 2019 at 11:56 pm

ലക്‌നോ: യു പിയില്‍ എസ് പി- ബി എസ് പി സഖ്യം യാഥാര്‍ഥ്യമായതിന് പിറകേ പാര്‍ട്ടി ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഖിലേഷ് യാദവിനോട് തെറ്റിപ്പിരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ശിവ്പാല്‍ യാദവ് കോണ്‍ഗ്രസുമായി അടുക്കുന്നത് ഇവയില്‍ ഒന്നു മാത്രം. തന്റെ പാര്‍ട്ടിയായ പ്രഗ്തിശീല്‍ സമാജ്‌വാദി പാര്‍ട്ടി- ലോഹിയ, കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് ശിവ്പാല്‍ യാദവ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗിന്റെ സഹോദരനാണ് ശിവ്പാല്‍. അഖിലേഷ് പാര്‍ട്ടി തലപ്പത്ത് വന്നതോടെ വിമത സ്വരമുയര്‍ത്തി പുറത്ത് ചാടിയ ശിവ്പാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. മായാവതിയുമായുള്ള സഖ്യത്തെ കുറിച്ച് മുലായം സിംഗ് യാദവ് ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

‘കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ പുരോമിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. എന്റെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെ’ന്നും ശിവപാല്‍ പറഞ്ഞു. മതേതര മുന്നണികള്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ പ്രയാസമായിരിക്കും. വളരെ ചെറിയ ഗ്രൂപ്പുകള്‍ മാത്രമാണ് നമുക്കൊപ്പമുള്ളത്. എസി പി- ബി എസ് പി സഖ്യം കള്ളന്മാരുടെ കൂട്ടായ്മയാ (തഗ് ബന്ധന്‍)ണെന്നും അത് കാശിനു വേണ്ടിയുള്ളതാണെന്നും ശിവ്പാല്‍ യാദവ് ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശിവ്പാല്‍ യാദവിനെ ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചാല്‍ തന്നെ എങ്ങനെയായിരിക്കുമെന്നത് കണ്ടറിയേണ്ടതാണ്. അതേസമയം, യാദവുമായി നീക്കുപോക്കിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാണിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ കോണ്‍ഗ്രസുമായി അഖിലേഷ് യാദവ് സഖ്യമുണ്ടാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്തയാളാണ് ശിവ്പാല്‍ യാദവ്.