യുവാവിന്റെ വധം: നാല് പേര്‍ റിമാന്‍ഡില്‍

Posted on: January 14, 2019 11:49 pm | Last updated: January 14, 2019 at 11:49 pm

ചാത്തന്നൂര്‍ (കൊല്ലം): മദ്യപിക്കുന്നതിനായി കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്ക് തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പേര്‍ റിമാന്‍ഡില്‍. വരിഞ്ഞം മരുതിക്കോട് കോളനി ചരുവിള പുത്തന്‍ വീട്ടില്‍ ശ്യാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മരുതിക്കോട് ചരുവിള പുത്തന്‍വീട്ടില്‍ ബൈജു (24), മരുതിക്കോട് അനിത ഭവനില്‍ അജിത് (24), ഇടനാട് മരുതിക്കോട് വിളയില്‍ വീട്ടില്‍ രഞ്ജു (24), മരുതിക്കോട് ചരുവിളപുത്തന്‍വീട്ടില്‍ വിജേഷ് ്(24) എന്നിവരെയാണ് പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

കൊട്ടാരക്കര സ്വദേശികളായ രണ്ട് പേരും ഓയൂര്‍ ചെങ്ങുളം സ്വദേശിയായ ഒരാളും ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെ പ്രതികളും ശ്യാമിന്റെ പിതാവ് ശശിയുമായി വീട്ടിന് സമീപത്തെ പൊതുകിണറ്റില്‍ നിന്നും മദ്യപിക്കുന്നതിനായ വെളളം എടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് മാരകായുധകങ്ങളുമായി സംഘടിച്ചെത്തിയ സംഘം ശ്യാമിനെ തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. ഒളിവിലുളള പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കുന്നു.
കോളനിയിലെ ഇരു സമുദായങ്ങള്‍ തമ്മില്‍ രണ്ടാഴ്ചയായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.
ഓയൂരിലെ വെല്‍ഡിംഗ് വര്‍ക് ഷോപ്പ് ജീവനക്കാരനായ ശ്യാമിന് മറ്റ് ദുശ്ശീലങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും കോളനിയിലെ സംഘര്‍ഷങ്ങളുമായി ബന്ധമില്ലെന്നും നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചാത്തന്നൂര്‍ എസ് എച്ച് ഒ. എ സരിന്‍ പറഞ്ഞു.