കുര്‍ദുകളെ തൊട്ടാല്‍ തുര്‍ക്കിയെ നശിപ്പിക്കും; മുന്നറിയിപ്പുമായി ട്രംപ്

Posted on: January 14, 2019 10:54 pm | Last updated: January 15, 2019 at 10:30 am

വാഷിംഗ്ടണ്‍: സിറിയയിലെ കുര്‍ദുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ സാമ്പത്തികമായി തുര്‍ക്കിയെ നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. സിറിയയില്‍ നിന്ന് യു എസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനം വന്ന ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥത വര്‍ധിച്ചിരുന്നു. സൈന്യത്തെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് നേരത്തെ തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരവധി ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇപ്പോഴും ആക്രമണം ശക്തമാക്കുന്നുണ്ട്. അതോടൊപ്പം സിറിയയില്‍ നിന്നുള്ള യു എസ് സൈന്യത്തിന്റെ പിന്മാറ്റം ആരംഭിക്കുകയാണ്. സിറിയയില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇസില്‍ വീണ്ടും ശക്തിപ്രാപിക്കുകയുമാണെങ്കില്‍ യു എസ് സൈനിക കേന്ദ്രത്തില്‍ നിന്ന് ആക്രമണം തുടരും. യു എസ് സൈന്യം പിന്മാറുന്നതോടെ കുര്‍ദ് സൈനികര്‍ക്ക് നേരെ തുര്‍ക്കി ആക്രമണം നടത്തുകയാണെങ്കില്‍ സാമ്പത്തികമായ ആ രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്‍ദുകള്‍ തുര്‍ക്കിയെ പ്രകോപിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കുര്‍ദിഷ് പ്യൂപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ്(വൈ പി ജി)മായി അമേരിക്ക ബന്ധം തുടരുന്നതിനെ തുര്‍ക്കി ശക്തമായി എതിര്‍ത്തിരുന്നു. ഇവരെ ഭീകരവാദികളെന്ന ഗണത്തിലാണ് തുര്‍ക്കി കാലങ്ങളായി പരിഗണിച്ചുപോരുന്നത്.

സിറിയയിലെ കുര്‍ദുകളെ പി കെ കെയുമായി താരതമ്യം ചെയ്യുന്നത് വലിയ തെറ്റാണെന്ന് തുര്‍ക്കി പ്രതികരിച്ചു. തുര്‍ക്കി പോരാടുന്നത് ഭീകരതക്കെതിരെയാണ്, കുര്‍ദുകള്‍ക്കെതിരെയല്ല. ഭീകരതക്കെതിരെ പോരാടുന്ന കുര്‍ദുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സിറിയക്കാരെയും തുര്‍ക്കികളെയും തങ്ങള്‍ സംരക്ഷിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കാലിന്‍ പറഞ്ഞു.

അതേസമയം, സാമ്പത്തികമായി തുര്‍ക്കിയെ തകര്‍ക്കുമെന്ന ഭീഷണി ഒരു നിലക്കും വിലപ്പോകില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്‌ലു പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അങ്കാറയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോട് അമേരിക്ക ഒന്നും പ്രതികരിച്ചിട്ടില്ല.