പടിക്കല്‍കലമുടച്ചു; ബഹ്‌റൈനിനോട് തോറ്റ് ഇന്ത്യ പുറത്ത്

Posted on: January 14, 2019 8:14 pm | Last updated: January 15, 2019 at 10:29 am

അബുദബി: 91ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍റ്റി ഇന്ത്യയുടെ വിധിയെഴുതി. നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ ഇന്ത്യ ഏഷ്യന്‍കപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ നൂറുകണക്കിന് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി ജമാല്‍ റഷീദ് ആണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ പ്രണോയ് ഹാല്‍ദറിന്റെ ഫൗളാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ ബഹ്‌റൈന്‍ ആക്രമിച്ചുകളിച്ചെങ്കിലും പിന്നീട് ഇന്ത്യ താളം കണ്ടെത്തി. സെയ്ദ് സയീദാണ് ബഹ്‌റൈനിന്റെ ആക്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. ബോക്‌സിന് മുന്നില്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ മികച്ച സേവുകളും സന്തേഷ് ജിങ്കന്റെ പ്രകടനവും ഇന്ത്യക്ക് തുണയായി. നാലാം മിനുട്ടില്‍ പരുക്കേറ്റ മലയാളി താരം അനസ് എടത്തൊടിക പുറത്ത് പോയത് ഇന്ത്യക്ക് തിരിച്ചടിയായി. അനസിന് പകരം സലാം രഞ്ചന്‍ സിംഗ് കളത്തലിറങ്ങി. 59ാം മിനുട്ടില്‍ ബഹ്‌റൈനിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഇന്ത്യ
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട. 71ാം മിനുട്ടില്‍ ബഹ്‌റൈനിന്റെ മുന്നേറ്റം പോസ്റ്റില്‍ തട്ടി തെറിച്ചു. ഒടുവില്‍, കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ട് റഫറിയുടെ പെനാല്‍റ്റി വിധി വന്നു. തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ തകര്‍ത്തുവിട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ആതിഥേയരായ യു എ ഇയോട് നിര്‍ഭാഗ്യം കൊണ്ട് തോല്‍ക്കുകയായിരുന്നു. ഫിഫ റാങ്കിംഗില്‍ തങ്ങളേക്കാള്‍ പിറകിലുള്ള ബഹ്‌റൈനെതിരെ സമനില നേടിയാല്‍ പോലും ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. റാങ്കിംഗില്‍ ഇന്ത്യ 97ഉം ബഹ്‌റൈന്‍ 113 ഉം സ്ഥാനത്തുമാണ്.

1964 ല്‍ ഇന്ത്യ റണ്ണേഴ്‌സപ്പായിരുന്നു. അന്ന് പക്ഷേ, നോക്കൗട്ട് റൗണ്ട് ഇല്ലായിരുന്നു. റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. കൂടുതല്‍ പോയിന്റ് ലഭിച്ചതില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് റണ്ണേഴ്‌സപ്പായത്.

ബഹ്‌റൈനെതിരെ മുമ്പ് ഏഴ് കളികളില്‍ ഒരു ജയം മാത്രമാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞത്. 1979 ല്‍ അന്താരാഷ്ട് സൗഹൃദ മത്സരത്തില്‍ 20നായിരുന്നു ജയം. ഷബീര്‍ അലിയാണ് രണ്ട് ഗോളുകളും നേടിയത്. ബഹ്‌റൈന്‍ ജയിച്ചത് അഞ്ച് തവണയാണ്. ഒരു സമനിലയും. 2011 ഏഷ്യാ കപ്പില്‍ 5-2ന് ഇന്ത്യ തോറ്റിരുന്നു.