ആറ് മാസ തൊഴിലന്വേഷണ വിസ നിലവിലില്ലെന്ന് അധികൃതര്‍

Posted on: January 14, 2019 7:09 pm | Last updated: January 14, 2019 at 7:09 pm

ദുബൈ: പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സൗകര്യാര്‍ഥം അനുവദിച്ച ആറ് മാസക്കാലയളവിലേക്കുള്ള തൊഴിലന്വേഷണ വിസ നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈയിടെ അവസാനിച്ച പൊതുമാപ്പ് കാലത്ത് മാത്രമുണ്ടായിരുന്ന സൗകര്യമായിരുന്നു അതെന്നും, ഡിസംബര്‍ 31ഓടെ അത്തരം തൊഴിലന്വേഷണ വിസാ സമ്പ്രദാം നിര്‍ത്തലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.

നിയമലംഘകരായി രാജ്യത്ത് കഴിഞ്ഞിരുന്ന ആളുകള്‍ക്ക് തങ്ങളുടെ താമസം നിയമവിധേയമാക്കി പുതിയ സ്‌പോണ്‍സറെയും ജോലിയും കണ്ടെത്താനുള്ള സൗകര്യാര്‍ഥം പൊതുമാപ്പ് കാലയളവിലേക്ക് മാത്രം അനുവദിച്ചിരുന്ന സൗകര്യമായിരുന്നു ആറ് മാസ വിസയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ മുഖേനയും നേരിട്ടും ദിനംപ്രതി നിരവധി അന്വേഷണങ്ങള്‍ എമിഗ്രേഷന്‍ ഓഫീസിലും ആമിര്‍ കേന്ദ്രങ്ങളിലും വരുന്ന പശ്ചാതലത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.