വൃത്തിയില്ലാതെ പാചക തയ്യാറെടുപ്പ്; ഭക്ഷണശാല പൂട്ടിച്ചു

Posted on: January 14, 2019 7:05 pm | Last updated: January 14, 2019 at 7:05 pm

റാസ് അല്‍ ഖൈമ: വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഭക്ഷണശാല റാസ് അല്‍ ഖൈമ നഗരസഭാധികൃതര്‍ പൂട്ടിച്ചു.
റെസ്റ്റോറന്റ് ജീവനക്കാര്‍ വൃത്തിഹീനമായ രീതിയില്‍ കോഴി മാംസം നിലത്തിട്ട് പാചകത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നഗരസഭാ നടപടി.

വിവരമറിഞ്ഞയുടന്‍ തന്നെ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നടപടിയെടുക്കുകയായിരുന്നു. പിഴ അടക്കുന്നത് വരെ ഭക്ഷണശാല അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നഗരസഭാ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ ഷോപ്പിംഗ് മാള്‍, ഭക്ഷണശാലകല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, പഴം-പച്ചക്കറി-മത്സ്യ ചന്തകള്‍ തുടങ്ങിയവിടങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 072466666 നമ്പറിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണം.