Connect with us

Gulf

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് അബുദാബി പോലീസ്

Published

|

Last Updated

അബുദാബി: അപകടങ്ങള്‍ വരുത്താതെയും ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചും സ്‌കൂള്‍ ബസ് ഓടിക്കുന്ന 100 ഡ്രൈവര്‍മാര്‍ക്ക് “മികച്ച ഡ്രൈവര്‍” സമ്മാനം പ്രഖ്യാപിച്ച് അബുദാബി പോലീസ് രംഗത്ത്.
അപകടരഹിതവും ലോകത്തെ ഏറ്റവും സുരക്ഷിത നിരത്തുകളുള്ളതുമായ നഗരമായി അബുദാബിയെ മാറ്റിയെടുക്കാനുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചത്. അവാര്‍ഡ് ഓഫ് ചീഫ് കമാന്‍ഡന്റ് ഫോര്‍ എക്‌സലന്‍സി 2019ന്റെ ഭാഗമായിട്ടുകൂടിയാണ് സമ്മാനം നല്‍കുക.

അധ്യയന വര്‍ഷത്തിന്റെ രണ്ടാംഘട്ടം മുതലുള്ള റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുക. തങ്ങളുടെ മക്കളുടെ സ്‌കൂള്‍ ബസുകളിലെ യാത്ര പൂര്‍ണ സുരക്ഷിതമാണെന്ന വിശ്വാസം രക്ഷിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ സമ്മാന പ്രഖ്യാപനം ഉപകരിക്കും. അബുദാബിയില്‍ മാത്രം 5000 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുണ്ട്. സമ്മാനം നല്‍കാനുള്ള അബുദാബി പോലീസിന്റെ പദ്ധതിയോട് വിവിധ ഗവണ്‍മെന്റ് വകുപ്പുകളും സ്ട്രാറ്റജിക് പങ്കാളികളും സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കിടയില്‍ വിവിധ സംവിധാനങ്ങളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ക്കും പോലീസ് നേതൃത്വം നല്‍കും.

Latest