മംസാര്‍ പാര്‍ക്കില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ബംഗ്ലാദേശി അറസ്റ്റില്‍

Posted on: January 14, 2019 6:58 pm | Last updated: January 14, 2019 at 6:58 pm

ദുബൈ: ദുബൈ നഗരസഭാ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് മംസാര്‍ പാര്‍ക്കില്‍ ഏഷ്യന്‍ യുവതിയെ മാനഭംഗപ്പെടുത്തിയയാളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 40കാരനായ ബംഗ്ലാദേശി പൗരനാണ് അറസ്റ്റിലായത്. 21കാരിയായ പാക്കിസ്ഥാനി യുവതിയാണ് മാനഭംഗത്തിനിരയായത്.

സുഹൃത്തിനോടൊപ്പം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ഇവരുടെയടുത്തേക്ക് പ്രതിയെത്തി നഗരസഭാ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഐ ഡി കാര്‍ഡ് ചോദിക്കുകയായിരുന്നു. ഐ ഡി ഇല്ലെങ്കില്‍ 500 ദിര്‍ഹം പിഴയടക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ ഐ ഡി കാര്‍ഡ് എടുക്കാന്‍ സുഹൃത്ത് മാത്രം പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയി. ഈ സമയം പ്രതി യുവതിയെ മരങ്ങള്‍ തിങ്ങിയ പാര്‍കിന്റെ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ശബ്ദിക്കാന്‍ കഴിയാത്ത വിധം വായ അമര്‍ത്തിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ചു.

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടപ്പോള്‍ യുവതി സുഹൃത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
അന്വേഷണത്തില്‍ പ്രതി രാജ്യത്തെ അനധികൃത താമസക്കാരനാണെന്നും ഷാര്‍ജയിലെ അല്‍ ഗാഫിയയിലാണ് താമസിക്കുന്നതെന്നും കണ്ടെത്തി. ഇവിടെയൊരു ഫഌറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫോറന്‍സിക് പരിശോധനയില്‍ പ്രതിയുടെ ഡി എന്‍ എ യുവതിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തി. പ്രതിയെ നിയമ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.