തീവ്രവാദി ആക്രമണമില്ലെന്ന പ്രസ്താവന; പ്രതിരോധ മന്ത്രിയെ പഠാന്‍കോട്ടും ഉറിയും ഓര്‍മപ്പെടുത്തി ചിദംബരം

Posted on: January 14, 2019 2:52 pm | Last updated: January 14, 2019 at 2:52 pm

ന്യൂഡല്‍ഹി: രാജ്യത്ത് ബി ജെ പി അധികാരമേറ്റ ശേഷം തീവ്രവാദി ആക്രമണങ്ങളുണ്ടായിട്ടില്ലെന്നു പ്രസ്താവിച്ച പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ പഠാന്‍കോട്ടും ഉറിയും ഓര്‍മപ്പെടുത്തി മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഈ രണ്ടു സ്ഥലങ്ങളിലുമുണ്ടായ തീവ്രവാദി ആക്രമണം നിലനില്‍ക്കെ നടത്തിയ പ്രസ്താവന പാക്കിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്. ഇന്ത്യയുടെ ഭൂപടമെടുത്ത് പഠാന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ പ്രതിരോധ മന്ത്രിക്കു സാധിക്കുമോയെന്ന ചോദ്യവും ചിദംബരം ഉന്നയിച്ചു.

വാസ്തവ വിരുദ്ധവും അവിശ്വസനീയവുമായ പ്രസ്താവന 2019 മെയ് മാസത്തിനു ശേഷവും ജനം ഓര്‍ത്തിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ബി ജെ പി ദേശീയ കണ്‍വന്‍ഷനിടെയാണ് ചിദംബരത്തിന്റെ ഓര്‍മപ്പെടുത്തലിനു വഴിയൊരുക്കിയ പ്രസ്താവന നിര്‍മല സീതാരാമന്‍ നടത്തിയത്.