മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂരിലും ഉപേക്ഷിച്ച ബാഗുകള്‍; അന്വേഷണം ശക്തമാക്കി പോലീസ്

Posted on: January 14, 2019 2:24 pm | Last updated: January 14, 2019 at 9:22 pm

 കൊച്ചി: എറണാകുളത്തെ മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കി. മുനമ്പം മാല്യങ്കര കടവു വഴി 43 അംഗ സംഘം വിദേശത്തേക്കു കടന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണിത്. മാല്യങ്കരയുടെ സമീപ പ്രദേശമായ കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ നിന്നും ഉപേക്ഷിച്ച 25 ബാഗുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതു സംഘത്തിന്റെതാണെന്നാണ് നിഗമനം. നേരത്തെ വടക്കേക്കര പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പെട്ട മാല്യങ്കരയിലെ ബോട്ടു ജെട്ടിയില്‍ നിന്ന് ശനിയാഴ്ച 14 ബാഗുകള്‍ കണ്ടെടുത്തിരുന്നു.

സംഘത്തിലെ യുവതി കുറച്ചു ദിവസം മുമ്പ് ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ പ്രസവിച്ച വിവരവും പോലീസിനു ലഭിച്ചു.

മനുഷ്യക്കടത്ത് സംഘം ഉപയോഗിച്ച ദിയ ബോട്ട് വാങ്ങിയത് ആന്ധ്ര-കോളവളം സ്വദേശികളാണെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ബോട്ടില്‍ യാത്രതിരിക്കുംമുമ്പ് 12,000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും ഇവര്‍ ശേഖരിച്ചിരുന്നുവെന്നും കണ്ടെത്തി. ഒരു മാസത്തെ യാത്രക്കാവശ്യമായ സാധനങ്ങളുമായാണ് സംഘം പുറപ്പെട്ടത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചവവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തതില്‍ നിന്നും ഇവര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 43 പേരടങ്ങുന്നതാണ് സംഘം. ചെറായിയിലെ ഹോം സ്റ്റേകളിലും ലോഡ്ജുകളിലുമായാണ് ഇവര്‍ തങ്ങിയിരുന്നത്. ബോട്ട് ലാന്‍ഡിങ് സെന്റര്‍വരെ എത്തിയ സംഘത്തെ പിന്നീട് കാണാതാവുകയായിരുന്നു. സമുദ്ര മാര്‍ഗം
ആസ്‌ത്രേലിയയിലെത്തി അഭയാര്‍ഥികളെന്ന നിലയില്‍ അവിടുത്തെ പൗരത്വം നേടുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് വിവരം. പുറം കടലില്‍ ഇവരുടെ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.