യു പിയിലും ബീഹാറിലും ബി ജെ പി നിലംപരിശാകും: തേജസ്വി യാദവ്

Posted on: January 14, 2019 1:09 pm | Last updated: January 14, 2019 at 1:09 pm

ലക്‌നൗ: ഉത്തര്‍ പ്രദേശിലും ബീഹാറിലുമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നിലംപരിശാകുമെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. ബി എസ് പി- എസ് പി സഖ്യ പ്രഖ്യാപനത്തിനു പിന്നാലെ ബി എസ് പി അധ്യക്ഷ മായാവതിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു തേജസ്വിയുടെ പ്രസ്താവന.

അംബേദ്കറുടെ ഭരണഘടന അട്ടിമറിച്ച് നാഗ്പൂര്‍ നിയമം നടപ്പിലാക്കാന്‍ നീക്കം നടത്തുന്ന ബി ജെ പിക്കു യു പിയില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ല. മായാവതിയുടെയും അഖിലേഷിന്റെയും തീരുമാനം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മുഴുവന്‍ സീറ്റും ഈ മഹാസഖ്യം നേടും. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയും ജെ ഡി യുവും ചേര്‍ന്ന് സഖ്യം രൂപവത്കരിച്ചപ്പോള്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു. ബീഹാര്‍ മാതൃകയില്‍ യു പിയിലും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലു പ്രസാദ് യാദവ് പറയാറുണ്ടായിരുന്ന കാര്യവും അഖിലേഷ് സൂചിപ്പിച്ചു.