Connect with us

National

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം; 45 സീറ്റുകളില്‍ ധാരണ

Published

|

Last Updated

മുംബൈ: ഉത്തര്‍പ്രദേശ് മാതൃകയിലുള്ള ബി ജെ പി വിരുദ്ധ സഖ്യങ്ങള്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലും വ്യാപകമാകുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തയുള്ളത്. കോണ്‍ഗ്രസ്- എന്‍ സി പി സഖ്യമാണ് ഇവിടെ രൂപംകൊണ്ടത്. സീറ്റ് വിഭജന ചര്‍ച്ചകളിപ്പോള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ 45 എണ്ണത്തില്‍ ധാരണയിലെത്തിയതായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ന്യൂസ് 18 ചാനലിനോടു സംസാരിക്കവെയാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ധാരണയാകാത്ത മൂന്നു സീറ്റുകളില്‍ വിജയസാധ്യത കൂടുതലുള്ള പാര്‍ട്ടി മത്സരിക്കട്ടെ എന്ന ആലോചനയാണുള്ളത്. എന്‍ സി പിക്കു ലഭിക്കുന്ന സീറ്റുകളിലൊന്ന് രാജു ഷെട്ടിയുടെ കര്‍ഷക സംഘടനയായ സ്വാഭിമാനി ശേദ്കരിക്കു നല്‍കും. ഏഴ് സീറ്റുകളാണ് രാജു ഷെട്ടി തങ്ങളുമായുള്ള ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു സീറ്റ് കൊടുക്കാനാണ് തീരുമാനം.

അതേസമയം, ഇടതു പാര്‍ട്ടികള്‍ക്കുള്ള സീറ്റ് കോണ്‍ഗ്രസ് അവര്‍ക്കുള്ളതില്‍ നിന്നു നല്‍കും.
രാജ് താക്കറെയുടെ നവനിര്‍മാണ്‍ സേന (എം എന്‍ എസ്)യുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹം അടിസ്ഥാന രഹിതമാണെന്ന് പവാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ താനുമായോ പാര്‍ട്ടി നേതാക്കളുമായോ താക്കറെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. നേരത്തെ മകന്റെ വിവാഹത്തിനു ക്ഷണിക്കാനാണ് താക്കറെ തന്നെ കണ്ടത്.

Latest