എസ്എസ്എഫ് ഹിന്ദ് സഫര്‍ ഇന്ന് തലസ്ഥാന നഗരിയില്‍

Posted on: January 14, 2019 11:56 am | Last updated: January 14, 2019 at 11:57 am
എസ് എസ് എഫ് ഭാരതയാത്ര ഹിന്ദ്‌സഫറിന് പഞ്ചാബിലെ സര്‍ഹിന്ദില്‍ നല്‍കിയ സ്വീകരണം

ഡല്‍ഹി: സാക്ഷര- സൗഹൃദ ഇന്ത്യക്കായ് എസ്.എസ്.എഫ് ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യാത്ര ഹിന്ദ് സഫറിന് ജമ്മു കശ്മീരിലും പഞ്ചാബിലും ഉജ്ജ്വല സ്വീകരണം. 12ന് ശ്രീനഗര്‍ ഹസ്‌റത് ബാല്‍ മസ്ജിദ് അങ്കണത്തില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് തലസ്ഥാന നഗരിയിലെത്തും. ന്യൂഡല്‍ഹിയിലെ സീലാംപൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ എംഎല്‍എ ചൗധരി മതീന്‍, അരവിന്ദ് സിംഗ് ലവലി തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും യാത്രയെ സ്വീകരിക്കാനെത്തും. കശ്മീര്‍ വഖഫ് ബോഡ് മുന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്ററും കശ്മീര്‍ മുസ്ലിം ജമാഅത്ത് നേതാവുമായ ഡോ. കമാല്‍ ഫാറൂഖി യാത്രാനായകന്‍ ഷൗക്കത്ത് നഈമി അല്‍ബുഖാരിക്ക് പതാക കൈമാറിയാണ് യാത്ര തുടങ്ങിയത്. രാജ്യത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കി ധാര്‍മിക വഴിയില്‍ മുന്നോട്ട് നയിക്കാന്‍ എസ്.എസ്.എഫിന് സാധിക്കുമെന്നും ഹിന്ദ്‌സഫര്‍ ഇന്ത്യന്‍ മുസ്ലിം ചരിത്രത്തിലെ നാഴികക്കല്ലായി മാറുമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗുലാം മുഹമ്മദ് അലായ്, എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് കര്‍ണാടക, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, എസ് എസ് എഫ് ജമ്മു കാശ്മീര്‍ സംസ്ഥാന നേതാക്കളായ മൗലാനാ അയ്യൂബ് ഖാലിദ് ഖാദിരി, മുഹമ്മദ് തൗഹീദ് കെല്ലര്‍, അഹ്മദ് നബീല്‍ ഖാന്‍ തുടങ്ങി നിരവധി മത-സാമൂഹിക നേതാക്കള്‍ സംബന്ധിച്ചു. ജമ്മുവിലെ ജാമിഅ മുഹമ്മദിയ മസ്ജിദ് പരിസരത്ത് നടന്ന ആദ്യ സ്വീകരണ ചടങ്ങിന് കശ്മീരിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നെത്തിയ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചു. ഹസ്‌റത് മുസഫിര്‍, മുഹമ്മദ് സാഫ്‌റാസ് നഈമി, ശാഹിദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യാത്രമധ്യേ കത്വയിലും പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി.

ഹിന്ദ് സഫറിന് കശ്മീരിലെ കത്വയില്‍ നല്‍കിയ സ്വീകരണം

രണ്ടാം ദിനം പഞ്ചാബിലെ സര്‍ഹിന്ദിലെത്തിയ യാത്രക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. സമ്മേളനത്തില്‍ സയ്യിദ് ശാഹിദ് ഹസന്‍ മുഖ്യാതിഥിയായി. ഹര്‍ജിത് സിംഗ്, ക്യാപ്റ്റന്‍ ഗിയാന്‍ സിംഗ്, ഘുര്‍പാല്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

2019 ഫെബ്രുവരി 23, 24 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഭാരത് യാത്ര നടക്കുന്നത്. എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഷൗക്കത്ത് നഈമി അല്‍ ബുഖാരി ബുഖാരിയാണ് യാത്രാ നായകന്‍. അടുത്ത് മാസം ഏഴിന് കോഴിക്കോട് സമാപിക്കും. രാഷ്ട്ര നിര്‍മിതിയില്‍ വിദ്യാര്‍ഥിത്വത്തിന്റെ ഇടപെടല്‍ സാധ്യമാക്കുകയും സാമൂഹിക സേവന മനസ്‌കത രൂപപ്പെടുത്തിയെടുക്കുകയുമാണ് യാത്ര ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ തിരസ്‌കരിച്ച വിദ്യാര്‍ഥിത്വം സമരാഭാസങ്ങളിലേക്കും ആഘോഷങ്ങളിലേക്കും മുഖംതിരിക്കുകയാണ്.

ഹിന്ദ് സഫര്‍: ജമ്മുവിലെ സ്വീകരണം

രാജ്യത്ത് ജനകോടികള്‍ പട്ടിണി കിടക്കുകയും വര്‍ഗീയ ഫാസിസം ഉന്‍മാദനൃത്തം ചവിട്ടുമ്പോഴും നാളെയെ വാര്‍ത്തെടുക്കേണ്ട വിദ്യാര്‍ഥിത്വം അന്ധത നടിക്കുന്നത് ഗൗരവതരമാണ്. കലാലയങ്ങളില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന നന്‍മയുടെ ശബ്ദങ്ങള്‍ ഇന്ന് അന്യമായികൊണ്ടിരിക്കുന്നു. സാംസ്‌കാരിക ജീര്‍ണതകളിലേക്ക് വിദ്യാര്‍ഥിത്വം മുഖംപൂഴ്ത്തുമ്പോള്‍ ഇതിനെതിരെയുള്ള തിരുത്തെഴുത്തായി മാറും ഹിന്ദ് സഫര്‍.
26 ദിവസങ്ങളിലായി നടക്കുന്ന യാത്ര 23 സംസ്ഥാനങ്ങളിലൂടെ കടന്നു പോകും.

ജമ്മുവില്‍ നടന്ന സ്വീീകരണ സമ്മേളനത്തില്‍ യാത്രാ നായകന്‍ ഷൗകത്ത് നഈമി അല്‍ ബുഖാരി സംസാരിക്കുന്നു

യാത്രക്ക് 40 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. യാത്രയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളിലും യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലും നടക്കുന്നത്. യാത്രാ നായകന്‍ എസ് എസ് എഫ് ദേശീയ നേതാക്കള്‍ പ്രമുഖ ക്യാമ്പസുകളില്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ഥികളുമായി സംവദിക്കും. കാശ്മീരിലെ ജമ്മു, പഞ്ചാബിലെ സര്‍ഹിന്ദ്, ഉത്തരാഖണ്ഡിലെ റൂക്കി, ഡല്‍ഹിയിലെ ന്യൂഡല്‍ഹി, ഹരിയാനയിലെ നുഹ്, രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍, ഗുജറാത്തിലെ അഹമ്മബദാബാദ്, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉത്തര്‍ പ്രദേശിലെ ലഖ്നൗ, ബീഹാറിലെ മുസാഫര്‍പൂര്‍, വെസ്റ്റ്ബംഗാളിലെ അലിപുരുദ്വാര്‍, മത്തബംഗ, ഉത്തര്‍ദിനഞ്ച്പുര്‍, അസാമിലെ ഗുഹാട്ടി, ബദര്‍പൂര്‍, മേഘാലയയിലെ ഷില്ലോംഗ്, മണിപ്പൂരിലെ ജിരിബാം, ജാര്‍ഖണ്ഡിലെ സാഹിബ്ഖഞ്ച്, പാക്കൂര്‍, ഒറീസയിലെ കട്ടക്ക്, സാംബല്‍പൂര്‍, ഛത്തീസ്ഗഢിലെ രായ്പൂര്‍, മഹാരാഷ്ട്രയില്‍ നാഗ്പൂര്‍, പൂനെ, മുംബൈ, രത്നഗിരി, തെലുങ്കാനയിലെ നിസാമാബാദ്, ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ അനന്താപൂര്‍, കര്‍ണാടകയിലെ ഹുബ്ലി, ബെല്ലാരി, ബാഗ്ലൂര്‍, മാംഗ്ലൂര്‍, മൈസൂര്‍, തമിഴ്നാട്ടിലെ ഗൂഢല്ലൂര്‍ എന്നിവിടങ്ങളിലാണ് പ്രധാന സ്വീകരണ സമ്മേളനങ്ങള്‍ നടക്കുക. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ഡല്‍ഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി, ഹൈദരാബാദ് യൂനിവേഴ്സിറ്റി, അലിഗഢ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പഞ്ചാബിലെ സര്‍ഹിന്ദില്‍ നടന്ന നടന്ന സ്വീകരണ സമ്മേളനം

ഉപനായകന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധീഖ് കര്‍ണാടക, കോ- ഓര്‍ഡിനേറ്റര്‍ സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, ദേശീയ സെക്രട്ടറി കെ അബ്ദുല്‍ കലാം, സാജിദ് അലി കശ്മീര്‍, ദേശീയ ഉപാധ്യക്ഷന്‍മാരായ സാലിഖ് അഹമ്മദ് ആസാം, നൗഷാദ് ആലം ഒറീസ എന്നിവരാണ് യാത്രയിലെ സ്ഥിരാഗങ്ങള്‍.