കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധന നികുതി കുറച്ചത് കോഴിക്കോട് വിമാനത്താവളത്തിന് തിരിച്ചടിയാകും

Posted on: January 14, 2019 10:49 am | Last updated: January 14, 2019 at 1:07 pm

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാന ഇന്ധന നികുത്ി 28 ശതമാനത്തില്‍നിന്നും ഒരു ശതമാനമായി കുറച്ചത് സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിന് പുറമെ കോഴിക്കോട് വിമാനത്താവളത്തിന് വലിയ തിരിച്ചടിയുമാകും. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ഇന്ധന നികുതിയാണ് കുറച്ചത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം നികുകിയാണ് ഈടാക്കുക.

ആദായ നികുതി വകുപ്പിന് കീഴിലുള്ള എടിഎഫ് അഥവാ വിമാന ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാറാണ് നികുതി നിര്‍ണയിക്കുക. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുംമുമ്പേ നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാനിച്ചിരുന്നു. കണ്ണൂരില്‍ ഇന്ധന നികുതി കുറച്ചതോടെ യാത്രാ നിരക്കിലും മാറ്റം വന്നു. യാത്രാ നിരക്ക് കോഴിക്കോട് വിമാനത്താവളത്തേക്കാള്‍ പകുതിയോളം കുറഞ്ഞു. ഇത് കോഴിക്കോട് വിമാനത്താവളത്തിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോഴിക്കോടുനിന്നും ബെംഗളുരുവിലേക്ക് പോകാന്‍ 2535 രൂപ വേണമെന്നിരിക്കെ കണ്ണൂരില്‍നിന്നും ബെംഗളുരുവിലേക്ക് പോകാന്‍ 1600 രൂപ മതി. ഇന്ധന നികുതി കുറച്ചത് കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.