എസ് പി- ബി എസ് പി സഖ്യവും പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസും

എസ് പി - ബി എസ് പി സഖ്യം പ്രത്യക്ഷത്തില്‍ സംഘ്പരിവാരത്തെ ഉലയ്ക്കുന്നുണ്ട്, അഖിലേഷിന്റെയും മായാവതിയുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുമായി രംഗത്തിറങ്ങുന്ന ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തരുടെ ആവേശം അവരെ ഭയപ്പെടുത്തുന്നുമുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുമ്പോള്‍ അരങ്ങിലെ നീക്കങ്ങള്‍ക്കൊപ്പം പ്രധാനമാകും അണിയറയിലെ നീക്കങ്ങളും. അവിടെക്കൂടി കൈയടക്കം കാട്ടാന്‍ അഖിലേഷിനും മായാവതിക്കും കഴിഞ്ഞാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രാലങ്കാര വിദഗ്ധന് 2019 മെയ് മാസത്തോടെ ജോലി അവസാനിപ്പിക്കാം. ഉത്തര്‍ പ്രദേശില്‍ തങ്ങളെ അവഗണിച്ച ബി എസ് പിയുമായി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുക കൂടി ചെയ്താല്‍ അമിത് ഷാക്കും അടുത്തൂണ്‍ പറ്റാം.
Posted on: January 14, 2019 10:10 am | Last updated: January 14, 2019 at 10:10 am

ഉത്തര്‍ പ്രദേശില്‍ സാമജ്‌വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അഖിലേഷ് യാദവിന്റെയും മായാവതിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ച പോസ്റ്ററുകളുമായി പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിയുടെ രണ്ടാമൂഴം തടയുന്നതിലും കേന്ദ്രാധികാരത്തില്‍ നിന്ന് ഹിന്ദുത്വ വര്‍ഗീയവാദികളെ പുറത്താക്കുന്നതിലും സുപ്രധാനമാകും ഈ സഖ്യമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ് കൂടി ഉള്‍ക്കൊള്ളുന്ന മഹാ സഖ്യത്തെക്കുറിച്ചാണ്, 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വലിയ വിജയത്തിന് ശേഷം പറഞ്ഞുകേട്ടിരുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തുണ്ടായ സാഹചര്യം ഇത്തരമൊരു വലിയ സഖ്യത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു. ‘ഏറ്റുമുട്ടല്‍ കൊല’കളിലൂടെ സംസ്ഥാനത്ത് ഭീതി വിതച്ച ഭരണകൂടം, തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാന്‍ തെരുവിലിറങ്ങിയ അക്രമിക്കൂട്ടങ്ങളെ പിന്തുണയ്ക്കാന്‍ മടി കാട്ടിയില്ല. ഗോസംരക്ഷണ ഗുണ്ടകളുടെ ആക്രമണങ്ങള്‍ പെരുകിയപ്പോള്‍, അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലയിലേക്ക് പോലീസ് സംവിധാനം മാറി. ഈ സാഹചര്യം യോജിച്ചുള്ള ചെറുത്തുനില്‍പ്പിനെ ഏതാണ്ട് അനിവാര്യമാക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യത്തിലേക്ക് എസ് പിയും ബി എസ് പിയും ചുരുങ്ങുന്നത്. 38 സീറ്റില്‍ ഇരു പാര്‍ട്ടികളും മത്സരിക്കും. സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലും രണ്ട് പാര്‍ട്ടികളും മത്സരിക്കില്ല. ബാക്കിയുള്ള രണ്ട് സീറ്റ് ഇനി സഖ്യത്തിലേക്ക് വരാന്‍ ഇടയുള്ള അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ പോലുള്ള പാര്‍ട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു.
ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ എസ് പി – ബി എസ് പി സഖ്യത്തിനാകുമെന്നതില്‍ തര്‍ക്കം വേണ്ട. 2014ല്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 71ലും വിജയിച്ചത് ബി ജെ പിയാണ്. എസ് പി അഞ്ച് സീറ്റിലൊതുങ്ങിയപ്പോള്‍ ബി എസ് പിക്ക് ഒരിടത്ത് പോലും ജയിക്കാനായില്ല. കോണ്‍ഗ്രസിന് ലഭിച്ചത് റായ്ബറേലിയും അമേത്തിയും മാത്രം. രണ്ട് സീറ്റ് അപ്‌നാദള്‍ സ്വന്തമാക്കി. സീറ്റുകളില്‍ വലിയ മുന്‍തൂക്കം നേടിയപ്പോഴും ആകെ പോള്‍ ചെയ്ത വോട്ടിന്റെ 42.63 ശതമാനമാണ് ബി ജെ പിക്ക് ലഭിച്ചത്. എസ് പിക്ക് ലഭിച്ചത് 22.35 ശതമാനം വോട്ട്. ഒരു സീറ്റിലും ജയിച്ചില്ലെങ്കിലും 19.77 വോട്ട് നേടാന്‍ ബി എസ് പിയ്ക്കായി. ഇവ രണ്ടും ചേര്‍ത്താല്‍ 42.12 ശതമാനം വോട്ടാകും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളെടുത്താല്‍ 384 സീറ്റില്‍ മത്സരിച്ച് 312 സീറ്റില്‍ വിജയിച്ച ബി ജെ പിക്ക് ലഭിച്ചത് 39.67 ശതമാനം വോട്ട്. 403 സീറ്റില്‍ മത്സരിച്ച് 19 ഇടത്ത് മാത്രം വിജയിച്ച ബി എസ് പിക്ക് 22.23 ശതമാനം വോട്ടുണ്ടായിരുന്നു. 311 സീറ്റില്‍ മത്സരിച്ച് 47 സീറ്റ് നേടിയ എസ് പിയ്ക്ക് 28.32 ശതമാനം വോട്ട് കിട്ടി.

നിയമസഭയിലേക്ക് എസ് പിയുമായി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് 114 സീറ്റില്‍ മത്സരിച്ച് ഏഴ് സീറ്റില്‍ വിജയിച്ചു. വോട്ട് ശതമാനത്തില്‍ 6.25 മാത്രം. അവര്‍ മത്സരിച്ച സീറ്റുകളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കെടുത്താല്‍ കോണ്‍ഗ്രസിന് കിട്ടിയത് 22.09 ശതമാനം വോട്ട്. നിയമസഭയിലെ കണക്കെടുത്താല്‍ എസ് പിക്കും ബി എസ് പിക്കും കൂടി ലഭിച്ചത് 50.55 ശതമാനം വോട്ടാണ്. ഈ പ്രകടനം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായാല്‍ ബി ജെ പിയുടെ തോല്‍വിക്ക് ആഘാതമേറും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഗോരഖ്പൂരിലും ഫൂല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി എസ് പിയുടെ പിന്തുണയോടെ എസ് പി വന്‍ വിജയം നേടിയിരുന്നു. രണ്ടിടത്തും ഒറ്റക്ക് മത്സരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഗോരഖ്പൂരിലും ഫൂല്‍പൂരിലും യോജിച്ച് മത്സരിക്കാനുള്ള തീരുമാനത്തിന് എസ് പിയുടെയും ബി എസ് പിയുടെയും പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്നതാണ് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചത്.

നേതൃതലത്തിലുണ്ടാകുന്ന ധാരണകള്‍ താഴേതലത്തില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതിരിക്കുകയോ താഴേ തലത്തില്‍ ധാരണ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് മടിക്കാതിരിക്കുകയോ ചെയ്യുന്നു എന്ന തിരിച്ചറിവാണ് സഖ്യത്തില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ മായാവതിയെയും അഖിലേഷിനെയും പ്രേരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്ക് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന് തെളിവാണ്. കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആകെ പോള്‍ ചെയ്തതിന്റെ 22.09 ശതമാനം വോട്ട് അവര്‍ക്ക് കിട്ടിയപ്പോള്‍ സംസ്ഥാനത്താകെ പോള്‍ ചെയ്ത വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ ലഭിച്ചത് 6.25 ശതമാനം മാത്രം. സ്വന്തം സ്ഥനാര്‍ഥികള്‍ക്ക് വോട്ട് സമാഹരിക്കാന്‍ കാട്ടിയ താത്പര്യം കോണ്‍ഗ്രസിന് സഖ്യകക്ഷിയുടെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലുണ്ടായിരുന്നില്ലെന്ന് വേണമെങ്കില്‍ അനുമാനിക്കാം. അത്തരമൊന്നിന്റെ ആവര്‍ത്തനം പൊതുതിരഞ്ഞെടുപ്പില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് എസ് പിയും ബി എസ് പിയും.

യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ കുറഞ്ഞ കാലം കൊണ്ടുണ്ടായ വിരുദ്ധ വികാരം, നരേന്ദ്ര മോദിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ്, കേന്ദ്ര സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍, കാര്‍ഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധി എന്നിവയൊക്കെ കണക്കിലെടുക്കുമ്പോള്‍ എസ് പി – ബി എസ് പി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. സംഘ്പരിവാറിന്റെയും ബി ജെ പി നിയന്ത്രിക്കുന്ന കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങളുടെയും വേട്ട മുഖ്യമായും നേരിടേണ്ടിവരുന്ന ന്യൂനപക്ഷ – ദളിത് വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നതും സഖ്യത്തിന് ഗുണകരമാണ്. കോണ്‍ഗ്രസും എസ് പിയും ബി എസ് പിയും വേറിട്ട് മത്സരിക്കുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത്, ന്യൂനപക്ഷവോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന മണ്ഡലങ്ങളില്‍പ്പോലും ബി ജെ പിയുടെ ജയത്തിന് കാരണമായിരുന്നു. എസ് പി – ബി എസ് പി സഖ്യം വരുന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്ന അവസ്ഥ ഏതാണ്ട് ഇല്ലാതാകുമെന്നുറപ്പ്.

വോട്ടു കണക്കുകളും സാമൂഹിക സാഹചര്യവും അഖിലേഷ് – മായാവതി സഖ്യത്തിന് അനുകൂലമായിരിക്കെ തന്നെ, ചെറുതല്ലാത്ത വെല്ലുവിളികള്‍ വേറെയുണ്ടെന്നത് കാണാതിരുന്നുകൂടാ. പ്രതിപക്ഷ ഐക്യമെന്നത് മരീചിക മാത്രമാണെന്നും പ്രാദേശിക തലത്തില്‍ മാത്രം സഖ്യങ്ങളുണ്ടാകുന്നത് രാജ്യത്ത് രാഷ്ട്രീയ – ഭരണ അസ്ഥിരതക്ക് മാത്രമേ വഴിവെക്കൂ എന്നും ബി ജെ പിക്കും സംഘ പരിവാരത്തിനും പ്രചരിപ്പിക്കാന്‍ സാധിക്കും. വര്‍ഗീയത, വ്യാജ ദേശീയത, കപട രാജ്യസ്‌നേഹം എന്നിവ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുള്ള സംയുക്തമാകും ഇതിനായി സംഘ്പരിവാരം പ്രയോഗിക്കുക. ഇതിനെ പ്രതിരോധിക്കുക എസ് പി – ബി എസ് പി സഖ്യത്തിന് എളുപ്പമാകില്ല. പ്രധാനമന്ത്രി സ്ഥാനത്തിന് മായാവതിക്കുള്ള അര്‍ഹത പ്രഖ്യാപിക്കുക വഴി, ബി ജെ പി അധികാരത്തിന് പുറത്തായാല്‍ ഭരണനേതൃത്വത്തിന് വേണ്ടി വലിയ മത്സരമുണ്ടാകുമെന്ന് സംഘ്പരിവാരത്തിന് പ്രചരിപ്പിക്കാനുള്ള സാധ്യത തുറന്നിടുകയും ചെയ്തു അഖിലേഷ് യാദവ്. ‘അമ്പത്തിയാറിഞ്ച് നെഞ്ചളവ്’ അവകാശപ്പെടുന്ന നേതാവിന് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ആരെ എന്ന ചോദ്യം സംഘ്പരിവാര്‍ പാളയത്തില്‍ നിന്ന് നിരന്തരമായി ഉയരും.

കോണ്‍ഗ്രസിനെ ഒഴിവാക്കി നിര്‍ത്തുന്നതിന് കാരണമായി ബൊഫോഴ്‌സ് അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ മായാവതി ഉന്നയിക്കുന്നുണ്ട്. ഇതും സംഘ്പരിവാരത്തിന് ആയുധം നല്‍കുന്നതാണ്. റാഫേല്‍ അഴിമതി ആരോപണം നിരന്തരമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ലക്ഷ്യമിടുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും മറുപടിയായി മായാവതിയുടെ വാക്കുകള്‍ സംഘ്പരിവാരം ഉപയോഗപ്പെടുത്താന്‍ സാധ്യത ഏറെയാണ്. ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കി ബി ജെ പിയെ വെല്ലുവിളിക്കുമ്പോഴും ദേശീയതലത്തില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള പഴുതുകള്‍ സൃഷ്ടിച്ചുനല്‍കുന്നുണ്ട് അഖിലേഷും മായാവതിയും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ നിലപാട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മൂന്നിടത്തും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബി എസ് പി തയ്യാറായിരുന്നില്ല. സഖ്യമുണ്ടായിരുന്നുവെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിയുടെ പരാജയം കുറേക്കൂടി വലുതാകുമായിരുന്നു. ‘കോണ്‍ഗ്രസ് ജയിച്ചെങ്കിലും നമ്മള്‍ തോറ്റിട്ടില്ല’ എന്ന് അമിത് ഷാക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത വിധത്തിലുള്ള പരാജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ അവസ്ഥ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലുമുണ്ടാകണമെന്നില്ല. സംസ്ഥാന ഭരണത്തിനെതിരായ വികാരം, ഇവിടങ്ങളില്‍ ബി ജെ പിക്ക് നേരിടേണ്ടതില്ല. അതുകൊണ്ടു തന്നെ ബി എസ് പി – കോണ്‍ഗ്രസ് സഖ്യം ഈ സംസ്ഥാനങ്ങളില്‍ ബി ജെ പിയെ പരാജയപ്പെടുത്തുന്നതില്‍ പ്രധാനമാണ്. പുതിയ സാഹചര്യത്തില്‍ അത്തരമൊരു സഖ്യത്തിന് സാധ്യത തീരെയില്ലാതാകുന്നുവെന്നത് ബി ജെ പിക്ക് ഗുണം ചെയ്യും.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഏത് രീതിയിലാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുക എന്നതും പ്രധാനമാണ്. 80 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സമാന ചിന്താഗതിക്കാരുമായി സഖ്യമുണ്ടാക്കാനും ആലോചിക്കുന്നു. മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ സിംഗ് യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി (ലോഹ്യ), അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴി. അഖിലേഷുമായി അകന്നുനില്‍ക്കുന്ന മുലായം സിംഗ് യാദവ്, സഹോദരന്റെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും കോണ്‍ഗ്രസ് സഖ്യത്തെ തുണക്കുകയും ചെയ്താല്‍ എസ് പിയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്. ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദള്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ അതും ബി ജെ പിക്കെതിരായ വോട്ടുകളെ ഭിന്നിപ്പിക്കും. 80 സീറ്റിലും ത്രികോണ മത്സരത്തിന് വഴിയൊരുങ്ങിയാല്‍ അത് മുതലെടുക്കാന്‍ സംഘപരിവാരം കൈമെയ് മറന്ന് രംഗത്തുവരും. അധികാരവും പണവും വര്‍ഗീയതയും അവര്‍ക്ക് തുണയായുണ്ടാകുകയും ചെയ്യും.
സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവയില്‍ എസ് പിയും ബി എസ് പിയും നേരിടാനിടയുള്ള വെല്ലുവിളികളും ചെറുതല്ല. സീറ്റു ലഭിക്കാത്തതില്‍ അതൃപ്തരായി ഈ പാര്‍ട്ടികളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നവരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമിക്കുന്നതോടെ പ്രവചനാതീതമായി മാറും ഉത്തര്‍ പ്രദേശ് രാഷ്ട്രീയം. എസ് പി – ബി എസ് പി സഖ്യം പ്രത്യക്ഷത്തില്‍ സംഘ്പരിവാരത്തെ ഉലയ്ക്കുന്നുണ്ട്, അഖിലേഷിന്റെയും മായാവതിയുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുമായി രംഗത്തിറങ്ങുന്ന ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തരുടെ ആവേശം അവരെ ഭയപ്പെടുത്തുന്നുമുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുമ്പോള്‍ അരങ്ങിലെ നീക്കങ്ങള്‍ക്കൊപ്പം പ്രധാനമാകും അണിയറയിലെ നീക്കങ്ങളും. അവിടെക്കൂടി കൈയടക്കം കാട്ടാന്‍ അഖിലേഷിനും മായാവതിക്കും കഴിഞ്ഞാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രാലങ്കാര വിദഗ്ധന് 2019 മെയ് മാസത്തോടെ ജോലി അവസാനിപ്പിക്കാം. ഉത്തര്‍ പ്രദേശില്‍ തങ്ങളെ അവഗണിച്ച ബി എസ് പിയുമായി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുക കൂടി ചെയ്താല്‍ അമിത് ഷാക്കും അടുത്തൂണ്‍ പറ്റാം.

രാജീവ് ശങ്കരന്‍