Connect with us

Editorial

സുതാര്യമായിരിക്കണം ശിക്ഷാഇളവ്

Published

|

Last Updated

ജയില്‍ തടവുകാരെ കാലാവധിക്ക് മുമ്പ് വിട്ടയക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. അത് പാലിക്കാതെയാണ് സര്‍ക്കാറുകള്‍ തടവ് പുള്ളികളെ വിട്ടയക്കുന്നതെന്ന് പലപ്പോഴും ആരോപണമുയരാറുള്ളതാണ്. അതിനെ ശരിവെക്കുന്നതാണ് 2011ല്‍ തടവുകാരെ കൂട്ടത്തോടെ വിട്ടയച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി ഫുള്‍ബഞ്ചിന്റെ ഉത്തരവ്. വി എസ് സര്‍ക്കാറിന്റെ അവസാന കാലത്താണ് 20 രാഷ്ട്രീയ തടവുകാരടക്കം 209 തടവുകാരെ വിട്ടയച്ചത്. വധശിക്ഷ ലഭിക്കുകയോ വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തം തടവാക്കുകയോ ചെയ്ത പ്രതികള്‍ക്ക് 14 വര്‍ഷമെങ്കിലും തടവനുഭവിക്കാതെ ശിക്ഷയിളവ് നല്‍കരുതെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പരിഗണിക്കാതെയാണ് സര്‍ക്കാറിന്റെ ഈ ഉത്തരവെന്നാണ് കോടതി വിലയിരുത്തല്‍. ഇവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ ആറ് മാസത്തിനകം പരിശോധിക്കണമെന്നും യോഗ്യതയില്ലാത്തവര്‍ മോചനം നേടിയെങ്കില്‍ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഓരോ പ്രതിയും എത്രകാലം ജയില്‍ ശിക്ഷ അനുഭവിച്ചു, ജയില്‍ മോചിതരായശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.

ചട്ടം 161 പ്രകാരം തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. മിക്ക സംസ്ഥാനങ്ങളും തടവുകാരെ ജയില്‍മോചിതരാക്കാറുമുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് തീരുമാനിക്കുകയും ഇതിനെതിരെ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള അധികാരം ഊന്നിപ്പറയുകയും ചെയ്തിരുന്നു. ഈ ചട്ടപ്രകാരമാണ് 2011 ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ 209 തടവുകാരെ മോചിപ്പിച്ചത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി 10 വര്‍ഷത്തിലധികം ജയിലില്‍ കിടന്നവരെ വിട്ടയക്കാനുള്ള കേന്ദ്ര തീരുമാനമനുസരിച്ചായിരുന്നു നടപടി. എന്നാല്‍ അന്ന് സര്‍ക്കാര്‍ തയാറാക്കിയ മൂന്ന് പട്ടികയില്‍ ഒന്ന് വിവാദമായിരുന്നു. ഇളവ് ലഭിച്ചവരില്‍ പലരും 10 വര്‍ഷം ശിക്ഷ അനുഭവിക്കാത്തവരായിരുന്നു. 209 പേരില്‍ നൂറ് പേര്‍ മാത്രമായിരുന്നു പത്ത് വര്‍ഷം തടവില്‍ കിടന്നവര്‍. അതാണ് ഇപ്പോഴത്തെ കോടതി ഉത്തരവിന് കാരണം.
അതേസമയം, സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ തടവുകാരെ വിട്ടയക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയിരിക്കെ വിട്ടയക്കല്‍ നടപടി റാദ്ദാക്കിയ ഹൈക്കോടതി വിധി ഭരണകൂടത്തിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മാത്രമല്ല, വിട്ടയച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞിരിക്കെ അവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അവരില്‍ എത്ര പേര്‍ ജീവിച്ചിരുപ്പുണ്ടെന്ന് പോലും അറിയാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജയില്‍ മോചിതരായ പലരും സമാധാനപരമായ കുടുംബ ജീവിതം നയിക്കുകയാകാം. ഈ സാഹചര്യത്തില്‍ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരെ വീണ്ടും അറസ്റ്റ് ചെയത് ജയിലിലാക്കുന്നത് സാമൂഹിക പ്രശ്‌നമായി മാറാനും ഇടയുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്് സംസ്ഥാ സര്‍ക്കാര്‍.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് തടവുകാരെ വിട്ടയക്കുമ്പോള്‍ നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും ശിക്ഷാ കാലയളവ് പുനഃപരിശോധിക്കുന്ന സെന്റന്‍സ് റിവ്യു ബോര്‍ഡിന് (എസ് ആര്‍ ബി) ഇക്കാര്യത്തില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനാവില്ലെന്നും കോടതി നിര്‍ദേശമുണ്ട്.

കുറേ തടവുകാരുടെ കൂട്ടത്തില്‍ നിന്ന് ഏതാനും പേര്‍ക്ക് ഇളവ് ലഭ്യമാക്കുമ്പോള്‍ എന്തുകൊണ്ട് അവര്‍ക്ക് ആ ആനുകൂല്യം ലഭിച്ചുവെന്നും തനിക്ക് ഇളവു ലഭിക്കാത്തത് എന്തുകൊണ്ടെന്നും മറ്റു തടവുകാരെ ബോധ്യപ്പെടുത്തേണ്ടത് നടപടിക്രമങ്ങളുടെ ഭാഗമാണ്. അതൊരു സാമാന്യ മര്യാദയാണ്. അതുപോലെ ജാതിയുടെയോ മതത്തിന്റെയോ പേരിലോ രാഷ്ട്രീയ നിറം നോക്കിയോ ആരെയും വിട്ടയക്കരുതെന്നും കോടതി നിഷ്‌കര്‍ഷിക്കുന്നു. ഇവ പലതും പാലിച്ചില്ലെന്ന് ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിക്കാത്ത ചില തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയാണ് വെള്ളിയാഴ്ചത്തെ ഹൈക്കോടതി ഉത്തരവുണ്ടായത്. തടവ് കാലത്തെ ജയില്‍ അന്തേവാസികളുടെ സ്വഭാവത്തിലും ജീവിത രീതിയിലും വന്ന ഗുണകരമായ മാറ്റങ്ങളായിരിക്കണം നേരത്തെ വിട്ടയക്കുന്നതില്‍ ഒന്നാമത്തെ പരിഗണന. ജയില്‍ ശിക്ഷ അവരില്‍ മാനസിക പരിവര്‍ത്തനം സൃഷ്ടിക്കുകയും പൂര്‍വോപരി ജീവിത വിശുദ്ധി പ്രകടമാവുകയും ചെയ്യുന്നുണ്ടെങ്കില്‍ ഇളവ് നല്‍കാവുന്നതാണ്. തടവുകാരുടെ നില അവലോകനം ചെയ്യുന്നതിനുള്ള ജില്ലാതല സമിതികള്‍ മൂന്ന് മാസം കൂടുമ്പോള്‍ യോഗം ചേര്‍ന്നാണ് ഇതു കണ്ടെത്തേണ്ടത്. എന്നാല്‍, ഈ ചട്ടങ്ങളെല്ലാം മറികടന്ന് അതാത് കാലത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാറുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ അനുസരിച്ചാണ് പലപ്പോഴും ഇളവ് നല്‍കേണ്ട തടവുകാരെ കണ്ടെത്തുന്നത്. ബാഹ്യസ്വാധീനങ്ങള്‍ക്ക് വിധേയപ്പെട്ടും മതവും ജാതിയും നോക്കിയും ഇളവ് നല്‍കുന്ന പ്രവണതയും നലിവിലുണ്ട്. ഇത് തടവുകാര്‍ക്ക് കാലാവധിയില്‍ ഇളവ് അനുവദിക്കുന്നത് കൊണ്ടുള്ള പ്രയോജനം ഇല്ലാതാക്കും. നല്ല നടപ്പുകാരനായാല്‍ നേരത്തെ മോചിതനാകാമെന്ന ബോധ്യം സൃഷ്ടിച്ചു തടവുകാരുടെ ജീവിത രീതിയില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. ഇക്കാര്യത്തില്‍ പരിശോധനാ സമിതികളും സര്‍ക്കാറുകളും വീഴ്ച വരുത്തിയാല്‍ ഇളവ് കൊണ്ടുള്ള ലക്ഷ്യങ്ങള്‍ ഇല്ലാതാകും.