ചൈന, പാക് അതിര്‍ത്തികള്‍ക്കു സമീപം തന്ത്രപ്രധാന പാതകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രം

Posted on: January 14, 2019 12:06 am | Last updated: January 14, 2019 at 10:24 am

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിക്കു സമീപം 44 തന്ത്രപ്രധാന പാതകള്‍ പുതുതായി നിര്‍മിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പൊതുമരാമത്തു മന്ത്രാലയം (സി പി ഡബ്ല്യു ഡി). ഇതോടൊപ്പം പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പാക് അതിര്‍ത്തിയോടു ചേര്‍ന്ന് 2100 കിലോമീറ്റര്‍ വരുന്ന ചെറു പാതകളും നിര്‍മിക്കും. അടിയന്തര ഘട്ടങ്ങളില്‍ സുഗമ യാത്ര സാധ്യമാക്കുന്നതിനാണ് പാതകള്‍ നിര്‍മിക്കുന്നതെന്ന് സി പി ഡബ്ല്യു ഡിയുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

21,000 കോടി രൂപയാണ് ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 44 പാതകളുടെ നിര്‍മാണത്തിനു ചെലവ് പ്രതീക്ഷിക്കുന്നത്. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാത നിര്‍മാണത്തിന് 5450 കോടിയോളവും. പ്രധാന മന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ അനുമതി ലഭിച്ച ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ.